U-19 ലോകകപ്പിലെ നാലാം കിരീടം എന്ന ലക്ഷ്യവുമായാണ് ഇന്ത്യയും ഓസ്ട്രേലിയയും ഇന്ന് ഫൈനലിനു ഇറങ്ങിയത്. ഇരു ടീമുകളും മുമ്പ് മൂന്ന് തവണ വീതമാണ് കിരീടം ചൂടിയിട്ടുള്ളത്. എന്നാല്‍ ഓസ്ട്രേലിയയ്ക്കെതിരെ 8 വിക്കറ്റ് ജയം സ്വന്തമാക്കിയാണ് ഇന്ത്യ ഇന്ന് തങ്ങളുടെ നാലാം കിരീട നേട്ടം സ്വന്തമാക്കിയത്. 101 പന്തില്‍ നിന്ന് ഫൈനലില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി മന്‍ജോത് കല്‍റയാണ് ഇന്ത്യടെ അനായാസം ലക്ഷ്യത്തിലെത്തിച്ചത്.
ബൗളര്‍മാര്‍ ഓസ്ട്രേലിയയെ 216 റണ്‍സിനു എറിഞ്ഞിട്ട ശേഷം മന്‍ജോത് കല്‍റയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. 101 റണ്‍സുമായി കല്‍റ പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റില്‍ കൂട്ടായി എത്തിയ ഹാര്‍വിക് ദേശായി 47 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യ 38.5 ഓവറില്‍ വിജയം കുറിച്ചു. 89 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ സഖ്യം നേടിയത്. ശുഭ്മന്‍ ഗില്‍(31), പൃഥ്വി ഷാ(29) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍.
2000, 2008, 2012 വര്‍ഷങ്ങളിലാണ് ഇന്ത്യ ചാമ്പ്യന്മാരായിട്ടുള്ളത്. കഴിഞ്ഞ ലോകകപ്പില്‍(2016) വെസ്റ്റിന്‍ഡീസുമായി ഇന്ത്യ ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. ഓസ്ട്രേലിയയാകട്ടെ 1988, 2002, 2010 വര്‍ഷങ്ങളിലാണ് ചാമ്പ്യന്മാരായത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial