ആഗ്രഹിച്ച താരങ്ങളെ വാങ്ങാൻ കഴിയാത്ത ദുരവസ്ഥയിൽ ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ട്രാൻസ്ഫർ വിൻഡോ അവസാനിച്ചപ്പോൾ ഏറ്റവും സന്തോഷിക്കുന്ന ടീമുകൾ ചെൽസിയും യുവന്റസും ഒക്കെ ആയിരിക്കും. ആഗ്രഹിച്ച പല താരങ്ങളെയും എളുപ്പത്തിൽ തന്നെ സ്വന്തമാക്കാൻ ചെൽസിക്കായി. യുവന്റസ് താരങ്ങളെ എത്തിക്കുന്നതിനൊപ്പം പ്രായമേറി വരുന്ന സ്ക്വാഡിൽ നിന്ന് പലരെയും വിറ്റ് യുവനിരയാക്കി ടീമിനെ മാറ്റി. ഒരു താരത്തെ പോലും വാങ്ങാത്ത റയൽ മാഡ്രിഡും ഒരു വശത്ത് ഉണ്ട്. എന്നാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും നിരാശയുള്ള ക്ലബുകൾ ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും ആകും.

ബാഴ്സലോണയ്ക്ക് അവർ ആഗ്രഹിച്ച പല താരങ്ങളെയും ടീമിൽ എത്തിക്കാൻ ആയില്ല. സുവാരസിനെ പോലെ ഒരി വലിയ സ്ട്രൈക്കർ ക്ലബ് വിട്ടതിനു പകരം ആരെയും കൊണ്ടുവരാൻ ബാഴ്സക്ക് സാധിച്ചില്ല. ബാഴ്സലോണയുടെ പ്രധാന ലക്ഷ്യം ലിയോണിന്റെ ഡിപായ് ആയിരുന്നു. താരവും ലിയോണും ഒക്കെ ബാഴ്സലോണയുമായി കരാറിൽ എത്തി എങ്കിലും താരത്തെ വാങ്ങാൻ ബാഴ്സക്ക് ആയില്ല. വാങ്ങാൻ കാശില്ല എന്നതാണ് ബാഴ്സയുടെ ന്യായം.

സെന്റർ ബാക്കിൽ ബാഴ്സലോണ ലക്ഷ്യം വെച്ച മാഞ്ചസ്റ്റർ സിറ്റിയുടെ എറിക് ഗാർസിയയും ക്ലബിൽ എത്തിയില്ല. സിറ്റി ആവശ്യപ്പെട്ട 20 മില്യൺ നൽകാൻ ബാഴ്സ തയ്യാറായില്ല. അടുത്ത സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ ഗാർസിയയെ വാങ്ങാം എന്നതാണ് ബാഴ്സയുടെ ഇപ്പോഴത്തെ ചിന്ത. ലിവർപൂൾ മധ്യനിരതാരം വൈനാൾഡവും ബാഴ്സലോണയുടെ ലക്ഷ്യത്തിൽ ഉണ്ടായുരുന്നു. അതും നടന്നില്ല. ഡെസ്റ്റും പ്യാനിചും മാത്രമാണ് ബാഴ്സലോണ ആരാധകരുടെ ആശ്വാസം.

മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന ദിവസം നാലു ട്രാൻസ്ഫറുകൾ പൂർത്തി ആക്കി എങ്കിലും അത് ആരാധകർക്ക് പൂർണ്ണ സന്തോഷം നൽകില്ല. ട്രാൻസ്ഫർ വിൻഡോ തുടങ്ങുമ്പോൾ രണ്ട് ട്രാൻസ്ഫറുകൾ ആയിരുന്നു യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യം. ഒന്നൊരു റൈറ്റ് വിങ്ങറും പിന്നെ ഒരു സെന്റർ ബാക്കും. സെന്റർ ബാക്കിൽ ഒരു താരത്തിനായും മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചു പോലുമില്ല. റൈറ്റ് വിങ്ങിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യം സാഞ്ചോ ആയിരുന്നു. സാഞ്ചോയുടെ വില കുറക്കാൻ ആവശ്യപ്പെട്ട് അവസാനം ഡോർട്മുണ്ട് താരത്തെ വിൽക്കില്ല എന്ന തീരുമാനത്തിൽ എത്തുക ആയിരുന്നു.

സാഞ്ചോ നഷ്ടമായി എന്ന് ഉറപ്പായപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന നിമിഷങ്ങളിൽ ബാഴ്സലോണയുടെ താരം ഡെംബലെയ്ക്ക് വേണ്ടിയും വാറ്റ്ഫോർഡ് താരം സാറിനു വേണ്ടിയും ശ്രമിച്ചു എങ്കിലും രണ്ട് ക്ലബുകളും യുണൈറ്റഡ് ഓഫറുകൾ നിരസിച്ചു. രണ്ട് യുവ വിങ്ങർമാരെ യുണൈറ്റഡ് സൈൻ ചെയ്തു എങ്കിലും യുണൈറ്റഡിന്റെ റൈറ്റ് വിങ്ങിലെ പ്രശ്നങ്ങൾക്ക് ഉള്ള പരിഹാരമാവാൻ ഈ യുവതാരങ്ങൾ ആയെന്ന് തോന്നുന്നില്ല. താരങ്ങൾ എത്തി എങ്കിലും സെന്റർ ബാക്കിലെ പ്രശ്നങ്ങളും ഒരു നല്ല ഡിഫൻസീവ് മിഡ്ഫീൽഡർ ഇല്ലാത്തതും വലതു വിങ്ങ് നിശ്ചലമാകുന്നതും ഒക്കെ യുണൈറ്റഡിനെ ഈ സീസൺ ഉടനീളം പ്രശ്നങ്ങളിൽ കൊണ്ടിടും.