ചാമ്പ്യൻസ് ലീഗിൽ നാണം കെട്ട് മാഞ്ചസ്റ്റർ സിറ്റി

Wasim Akram

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങി മാഞ്ചസ്റ്റർ സിറ്റി. ചാമ്പ്യൻസ് ലീഗിൽ ഏഴാം ലീഗ് മത്സരത്തിൽ ഇത് വരെ ജയം കാണാൻ ആവാത്ത നോർവീജിയൻ ക്ലബ് ബോഡോ ഗ്ലിംന്റിനോട് 3-1 എന്ന ഞെട്ടിക്കുന്ന പരാജയം ആണ് സിറ്റി ഏറ്റുവാങ്ങിയത്. ചരിത്രത്തിൽ ആദ്യമായി ആണ് അവർ ഒരു ചാമ്പ്യൻസ് ലീഗ് മത്സരം ജയിക്കുന്നത്. എതിരാളികളുടെ മൈതാനത്ത് ഒരിക്കൽ പോലും മത്സരത്തിൽ ആധിപത്യം നേടാൻ സിറ്റിക്ക് ആയില്ല. മാഞ്ചസ്റ്റർ ഡാർബിയിലെ തോൽവിക്ക് ശേഷം അതിശക്തമായ ടീമും ആയി ഇറങ്ങിയ സിറ്റിക്ക് പക്ഷെ പ്രതിരോധത്തിൽ യുവതാരം മാക്സിന്റെ പിഴവുകൾ ആണ് വിനയായത്. 22 മത്തെ മിനിറ്റിൽ ഒല ബ്ലോബർഗിന്റെ പാസിൽ നിന്നു കാസ്പർ ഹോഗ് ആണ് നോർവീജിയൻ ടീമിന് ആയി ഗോൾ വേട്ട തുടങ്ങിയത്.

2 മിനിറ്റിനുള്ളിൽ മാക്സിന്റെ കാലിൽ നിന്നു തട്ടിയെടുത്ത പന്തിൽ നിന്നു ഒലയുടെ തന്നെ പാസിൽ നിന്നു കാസ്പർ ഹോഗ് രണ്ടാം ഗോളും നേടിയതോടെ സിറ്റി ഞെട്ടി. തുടർന്ന് ഒന്നാം പകുതിയിൽ ഗോൾ മടക്കാനുള്ള സുവർണാവസരം ഹാളണ്ട് പാഴാക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ സോന്ദ്ര ഫെറ്റിന്റെ പാസിൽ നിന്നു ഉഗ്രൻ ഗോളിലൂടെ ജെൻസ് ഹോഗ് ബോഡോയുടെ മൂന്നാം ഗോളും നേടി. 2 മിനിറ്റിനുള്ളിൽ റയാൻ ചെർകിയിലൂടെ സിറ്റി ഒരു ഗോൾ മടക്കിയത് അവർക്ക് പ്രതീക്ഷ നൽകി. എന്നാൽ തൊട്ടടുത്ത 2 നിമിഷങ്ങളിൽ രണ്ടു മഞ്ഞ കാർഡ് കണ്ട റോഡ്രി പുറത്ത് പോയതോടെ സിറ്റി പത്ത് പേരായി ചുരുങ്ങി. വീണ്ടും അവസരങ്ങൾ തുറന്ന ബോഡോയുടെ ഒരു ശ്രമം ബാറിൽ തട്ടി മടങ്ങിയത് സിറ്റിയുടെ ഭാഗ്യം ആയി. ചാമ്പ്യൻസ് ലീഗിൽ ലീഗിൽ ആദ്യ എട്ടാം സ്ഥാനം ലക്ഷ്യമിടുന്ന സിറ്റിക്ക് ഈ പരാജയം വലിയ തിരിച്ചടി തന്നെയാണ്.