സമീപകാലത്തെ തങ്ങളുടെ മോശം ഫോം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. യുഫേഫ ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഡച്ച് ക്ലബ് ഫയനൂർദിനോട് 3-3 ന്റെ സമനിലയാണ് സിറ്റി വഴങ്ങിയത്. തുടർച്ചയായ 5 പരാജയം ഏറ്റുവരുന്ന സിറ്റി ഈ മത്സരത്തിൽ 3 ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് സമനില വഴങ്ങിയത്. പന്ത് കൈവശം വെച്ചതിൽ മുൻതൂക്കം ഉണ്ടായിട്ടും ആദ്യ പകുതിയിൽ അവസാന നിമിഷം താൻ തന്നെ നേടിയ പെനാൽട്ടി ലക്ഷ്യം കണ്ടു ഏർലിങ് ഹാളണ്ട് ആണ് സിറ്റിയുടെ ഗോളിനുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചത്.
രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച സിറ്റി ഗുണ്ടോഗൻ ബോക്സിനു പുറത്തു നിന്നു നേടിയ ഗോളിൽ രണ്ടു ഗോൾ മുന്നിൽ എത്തി. 3 മിനിറ്റിനുള്ളിൽ ഹാളണ്ട് രണ്ടാം ഗോൾ നേടിയതോടെ സിറ്റി ജയം പ്രതീക്ഷിച്ചു. എന്നാൽ 75 മിനിറ്റിനു ശേഷം ഗാർഡിയോള ദുഃസ്വപ്നം ആണ് കണ്ടത്. 75 മത്തെ മിനിറ്റിൽ സിറ്റി പിഴവിൽ നിന്നു അനിസ് മൂസ ഡച്ച് ക്ലബിന്റെ ആദ്യ ഗോൾ നേടി. 82 മത്തെ മിനിറ്റിൽ റീബോണ്ടിൽ നിന്നു സാന്റിയാഗോ ഹിമനസ് ഗോൾ നേടിയതോടെ സിറ്റി ഞെട്ടി. 89 മത്തെ മിനിറ്റിൽ എഡേഴ്‌സന്റെയും സിറ്റി പ്രതിരോധത്തിന്റെയും പിഴവ് മുതലെടുത്ത് ഡേവിഡ് ഹാൻകോ ഗോൾ നേടിയത് സിറ്റി ആരാധകർ അവിശ്വസനീയതോടെ ആണ് നോക്കിയിരുന്നത്. ചാമ്പ്യൻസ് ലീഗിൽ 75 മിനിറ്റ് വരെ 3 ഗോൾ മുന്നിട്ട് നിന്ന ശേഷം ഒരു ടീം ഇത് ആദ്യമായാണ് വിജയിക്കാതെ ഇരിക്കുന്നത്.