മലപ്പുറം: ആവേശം അലതലിയ മലപ്പുറം_കൊമ്പൻസ് എഫ്സി പോരാട്ടം സമനിലയിൽ കലാശിച്ചു. ജയത്തിനായി പോരാടിയെങ്കിലും സമനില പൂട്ട് പൊട്ടിക്കാൻ എംഎഫ്സിക്ക് കഴിഞ്ഞില്ല. പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറത്തിൻറെ തുടർച്ചയായ മൂന്നാം സമനിലയാണിത്. മലപ്പുറത്തിന് വേണ്ടി ജോൺ കെന്നഡിയും കൊമ്പൻസിന് വേണ്ടി പെനാൽട്ടിയിലൂടെ ഓട്ടമെറും ഗോൾവല കുലുക്കി. 21426ഓളം കാണികളാണ് ഇന്നത്തെ മത്സരം കാണാൻ ഗാലറിയിലെത്തിയത്.

ടീം ലൈനപ്പിലേക്ക് വരുമ്പോൾ കഴിഞ്ഞ മൽസരത്തെ അപേക്ഷിച്ച് രണ്ട് മാറ്റങ്ങളാണ് കോച്ച് മിഗ്വേൽ കോറൽ വരുത്തിയിട്ടുള്ളത്. അക്ബറിന് പകരം ഇർഷാദിനെയും നിതിൻ മധുവിന് പകരം സഞ്ജു ഗണേഷിനെയും ഇലവനിൽ ഉൾപ്പെടുത്തി.മുന്നേറ്റത്തിൽ റോയ് കൃഷണ, ഗനി നിഗം, അഭിജിത് എന്നിവരെ ഇറക്കി 4-2-1-3 ഫോർമേഷനിലാണ് ടീമിനെ ഇത്തവണ വിന്യസിച്ചത്. മധ്യനിരയിൽ ഫാകുണ്ടോ ബല്ലാർഡോ, ബദ്ർ, ഇർഷാദ് എന്നിവരും പ്രതിരോധത്തിൽ സ്പാനിഷ് താരം ഐറ്റർ അൽദലൂർ, അബ്ദുൽ ഹക്കു, സഞ്ജു ഗണേഷ്,ജിതിൻ പ്രകാശ് എന്നിവരും അണിനിരന്നു. ഗോൾ കീപ്പറായി മുഹമ്മദ് അസ്ഹറും ഇറങ്ങി.
എംഎഫ്സിയുടെ മികച്ചൊരു മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ആദ്യ മിനിട്ടിൽ തന്നെ ഫകുണ്ടോ കൊടുത്ത പാസ്സ് കൊമ്പൻസ് ബോക്സിൽ അപകടം ഉണ്ടാക്കുമെന്ന് തോന്നിച്ചെങ്കിലും അഭിജിത്തിന് പന്ത് കണക്ട് ചെയ്യാൻ കഴിഞ്ഞില്ല. പത്താം മിനിട്ടിൽ കൊമ്പൻസിൻറെ മുന്നേറ്റം കീപ്പർ അസ്ഹർ മികച്ചൊരു സേവിലൂടെ തടഞ്ഞു . അടുത്ത മിനിറ്റിൽ തന്നെ മലപ്പുറത്തിന് ഗോൾ അവസരം കിട്ടിയെങ്കിലും കൊമ്പൻസിൻറെ പ്രതിരോധത്തിൽ തട്ടിതെറിച്ചു. റോയ് കൃഷ്‌ണയുടെ ക്രോസ്സിൽ ഫകുണ്ടോയുടെ ഷോട്ടായിരുന്നു. പന്ത്രണ്ടാം മിനിറ്റിൽ തിരുവനന്തപുരത്തിൻറെ കോർണർ കിക്ക് അസർ കയ്യിലൊതുക്കി. 16-ാം മിനിറ്റിൽ വലിയൊരു ഗോളവസരം തുറന്ന് കിട്ടിയെങ്കിലും ക്യാപ്റ്റൻ ഐറ്ററിൻറെ കിക്ക് കൊമ്പൻസ് കീപ്പർ ആര്യൻ തടഞ്ഞു. 25മത്തെ മിനിറ്റിൽ അഭിജിതിൻറെ വലത് വിംഗിലുടെയുള്ള മുന്നേറ്റത്തിനൊടുവിൽ കിട്ടിയ പന്തിൽ ഇർഷാദ് ഒരു പവർഷോട്ട് തൊടുത്ത് വിട്ടെങ്കിലും പോസ്റ്റിനോട് തൊട്ട് ചാരി പുറത്തേക്കാണ് പോയത്. 37-ാം മിനിറ്റിൽ കൊമ്പൻസ് താരം ഓട്ടമെർ അടിച്ച കിക്ക് ഐറ്റർ മികച്ച ബ്ലോക്കിലൂടെ അപകടം ഒഴിവാക്കി. ആദ്യ പകുതി അങ്ങനെ ഇരു ടീമിനും ഗോൾ അടിക്കാൻ കഴിയാതെ സമനിലയിൽ പിരിയുകയായിരുന്നു.
മത്സരത്തിൻറെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മൂന്ന് മാറ്റങ്ങൾ വരുത്തിയിട്ടാണ് മലപ്പുറം കളത്തിലിറങ്ങിയത്. ജിതിന് പകരക്കാരനായി ടോണിയും ഫകുണ്ടോയ്ക്ക് പകരം ജോൺ കെന്നഡിയും ഗനി നിഗമിന് പകരക്കാരനായി റിഷാദ് ഗഫൂറും കളത്തിലിറങ്ങി . 57-ാം മിനിറ്റിൽ വലത് വിംഗിൽ നിന്ന് ടോണി മികച്ച ക്രോസ്സ് കൊടുത്തങ്കിലും പന്തിൽ തലവെക്കാൻ ബോക്സിൽ മലപ്പുറം താരങ്ങൾ ആരുമുണ്ടായിരുന്നില്ല. 60-ാം മിനിറ്റിൽ ഇർഷാദിന് പകരക്കാരനായി അഖിൽ പ്രവീണിറങ്ങി. തൊട്ടടുത്ത നിമിഷം തന്നെ കെന്നഡിയുടെ ഷോട്ട് കൊമ്പൻസ് കീപ്പർ ആര്യൻ തടുത്തിട്ടു. പിന്നീട് 69-ാം മിനിറ്റിൽ ബോക്സിന് വെളിയിൽ നിന്ന് ബദ്ർ എടുത്ത ഫ്രീകിക്കിൽ ജോൺ കെന്നഡിയുടെ കിടിലനൊരു ഹെഡ്ഡർ ഗോൾ ! ഗാലറിയൊന്നാകെ ആർത്തു വിളിച്ച നിമിഷം.
75-ാം മിനിറ്റിൽ മലപ്പുറത്തിൻറെ ബോക്സിൽ നടന്ന കൂട്ടപൊരിച്ചിലിനിടയിൽ കൊമ്പൻസിന് റഫറി പെനാൽട്ടി വിധിച്ചു. കിക്കെടുത്ത ഓട്ടമെർ ഗോളാക്കി മാറ്റി. 87-ാം മിനിറ്റിൽ റോയ് കൃഷ്ണക്ക് പകരക്കാരനായി പുതിയ സൈനിംഗ് ഫോർസിയെ കളത്തിലിറക്കി. തുടർന്ന് കളിയുടെ അവസാന നിമിഷങ്ങളിൽ തുടരെയുള്ള അറ്റാക്കുകൾ മലപ്പുറത്തിൻറെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഗോളടിക്കാൻ കഴിഞ്ഞില്ല. മത്സരം ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ അവസാനിക്കുകയായിരുന്നു.
ഈ സമനിലയോടെ, മലപ്പുറം എഫ്‌സി 6 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അടുത്ത മത്സരം നവംബർ 4 ന് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ ഫോർസ കൊച്ചിക്കെതിരെയാണ്. സീസണിലെ എംഎഫ്‌സിയുടെ ആദ്യ എവേ മത്സരമാണിത്.














