മഞ്ചേരി: എൻ.എസ്.എസ് കോളജ് മൈതാനത്ത് ഇന്ന് നടന്ന മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ‘എഫ് ‘ ഡിവിഷൻ ലീഗ് ടൂർണ്ണമെന്റിന്റെ ആവേശകരമായ ഫൈനൽ മത്സരത്തിൽ നാലിനെതിരെ ആറ് (6-4) ഗോളുകൾക്ക് എഫ്.സി തൃപ്പനച്ചിയെ പരാജയപ്പെടുത്തി ഏറനാട് ഫൈറ്റേഴ്സ് എഫ്.സി മഞ്ചേരി ജേതാക്കളായി.
കളിയുടെ ആദ്യ മിനുട്ടുകളിൽ മികച്ച കളി കഴ്ച്ചവെച്ചിരുന്ന ഏറനാട് എഫ്.സിക്കെതിരെ കളിയുടെ ഗതിയ്ക്ക് വിപരീതമായി ഏറനാടിന്റെ പ്രതിരോധ നിരയും ഗോൾ കീപ്പറും അമിതാത്മവിശ്വാസം കാണിക്കുന്നതിനിടയിൽ വീണു കിട്ടിയ മൂന്നു അർദ്ധാവസരങ്ങൾ തൃപ്പനച്ചിയുടെ ജുബ്രാൻ ഗോളാക്കി മാറ്റി. പോരാട്ട വീര്യം ചോർന്ന അവസരത്തിൽ ഏറനാടിന്റെ ക്യാപ്റ്റൻ സുർജിത് ലാൽ നടത്തിയ ഒറ്റയാൾ മുന്നേറ്റം തടയുന്നതിനിടയിൽ തൃപ്പനച്ചിയുടെ പ്രതിരോധത്തിൽ തട്ടി പന്ത് വലയിലായി.തുടർന്ന് കളിയുടെ താളം തിരിച്ചു പിടിച്ചു വരുന്നതിനിടയിൽ ഓഫ് സൈഡ് ശങ്കിച്ച് പന്ത് ക്ലിയർ ചെയ്യാൻ അറച്ചു നിന്ന ഏറനാടിന്റെ പ്രതിരോധത്തെ ഭേദിച്ച് മുന്നേറിയ തൃപ്പനച്ചിയുടെ സോമൻ അവരുടെ നാലാം ഗോളും നേടി പകുതിസമയത്തിന് പിരിഞ്ഞപ്പോൾ സ്കോർ 4-1 എന്ന നിലയിലെത്തിച്ച് തൃപ്പനച്ചിയുടെ വിജയം ഏറെക്കുറെ അവരുടെ കളിയ്ക്കാരും കാണികൾ പോലും ഉറപ്പിച്ച സ്ഥിതിയിലായി.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കം മുതൽ എണ്ണയിട്ട യന്ത്രം കണക്കെ തുടരെ തുടരെ ആക്രമിച്ചു കളിച്ച ഏറനാട് എഫ്.സിയുടെ താരങ്ങൾ ടി.പി സാക്കിന്റെ മനോഹരമായ ഫ്രീ കിക്ക് ഗോളും എം.ടി അജ്മലും കെ.ഷഫീഖലിയും നേടിയ എണ്ണം പറഞ്ഞ ഗോളുകളും കെ.അനസിന്റെ ഇരട്ട ഗോളുകളുമടക്കം മൊത്തം അഞ്ച് ഗോളുകൾകൂടി നേടി കളിയുടെ അന്തിമ ഗോൾ പട്ടിക 6-4 ൽ എത്തിക്കുകയും മലപ്പുറം ജില്ലാ ലീഗ് ‘എഫ്’ ഡിവിഷൻ ലീഗിൽ നിർഭാഗ്യത്തിന് കഴിഞ്ഞ രണ്ട് വർഷവും കൈവിട്ടു പോയ കിരീടം ചൂടുകയും ചെയ്തു.
സമാപന ചടങ്ങിൽ മലപ്പുറം ഡി.എഫ്.എ സെക്രട്ടറി സുരേന്ദ്രൻ മങ്കട, ഡി.എഫ്.എ വൈസ് പ്രസിഡന്റുമാരായ ഡോ. പി. എം സുധീർ കുമാർ, കെ .എ നാസർ, കുഞ്ഞുട്ടിക്ക മഞ്ചേരി, മുൻ മലപ്പുറം ജില്ലാ താരങ്ങളായ ഇ.ഹംസ അരിമ്പ്ര, മഞ്ചേരി മുസ്തഫ, ഫുട്ബോൾ പരിശീലകൻ മനോജ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

 
					












