യശസ്വി ജൈസ്വാലും എവിന്‍ ലൂയിസും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം തീപ്പൊരി ഇന്നിംഗ്സുമായി മഹിപാൽ ലോംറോറും കസറിയപ്പോള്‍ മികച്ച സ്കോറിലേക്ക് കുതിച്ച് രാജസ്ഥാന്‍ റോയൽസ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ് പെട്ടെന്ന് പുറത്തായെങ്കിലും മറ്റു ടോപ് ഓര്‍ഡര്‍ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ രാജസ്ഥാന്‍ 185 റൺസ് നേടുകയായിരുന്നു. അവസാന പന്തിൽ രാജസ്ഥാന്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ജൈസ്വാലിന് തന്റെ അര്‍ദ്ധ ശതകം ഒരു റൺസിന് നഷ്ടമാകുകയായിരുന്നു.
ജൈസ്വാൽ 36 പന്തിൽ 49 റൺസാണ് നേടിയത്. മഹിപാൽ 17 പന്തിൽ 43 റൺസ് നേടി. 200ന് മേലെ ടീം സ്കോര്‍ ചെയ്യുമെന്ന് ഒരു ഘട്ടത്തിൽ തോന്നിപ്പിച്ചുവെങ്കിലും തുടരെ വിക്കറ്റുകള്‍ വീഴ്ത്തി പഞ്ചാബ് രാജസ്ഥാനെ 185 റൺസിൽ ഒതുക്കി.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 57/1 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. അടിച്ച് തകര്‍ക്കുകയായിരുന്ന എവിന്‍ ലൂയിസിനെ പവര്‍പ്ലേയിലെ അവസാന ഓവറിൽ അര്‍ഷ്ദീപ് പുറത്താക്കുകയായിരുന്നു. 54 റൺസാണ് ഒന്നാം വിക്കറ്റിൽ എവിന്‍-ജൈസ്വാൽ കൂട്ടുകെട്ട് നേടിയത്. ലൂയിസ് 21 പന്തിൽ 36 റൺസാണ് നേടിയത്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ് 4 റൺസ് മാത്രം നേടി മടങ്ങിയപ്പോള്‍ ഇഷാന്‍ പോറൽ ഐപിഎലിലെ തന്റെ ആദ്യ വിക്കറ്റ് നേടി.
യശസ്വി ജൈസ്വാൽ തന്റെ മികവാര്‍ന്ന പ്രകടനം തുടര്‍ന്ന് ലിയാം ലിവംഗ്സ്റ്റണുമായി ചേര്‍ന്ന് രാജസ്ഥാന്റെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു. 28 പന്തിൽ 48 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 17 പന്തിൽ 25 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റണിനെ വീഴ്ത്തി അര്‍ഷ്ദീപ് സിംഗ് തന്റെ രണ്ടാമത്തെ വിക്കറ്റുമായി പഞ്ചാബിന് ബ്രേക്ക്ത്രൂ നല്‍കുകയായിരുന്നു. തകര്‍പ്പന്‍ ക്യാച്ചിലൂടെ ഫാബിയന്‍ അല്ലെനാണ് അര്‍ഷ്ദീപിന് വിക്കറ്റ് നേടിക്കൊടുത്തത്.
അധികം വൈകാതെ രാജസ്ഥാന് ജൈസ്വാളിന്റെ വിക്കറ്റ് നഷ്ടമായി. ഹര്‍പ്രീത് ബ്രാര്‍ ആണ് വിക്കറ്റ് നേടിയത്. ജൈസ്വാൽ പുറത്താകുമ്പോള്‍ 14.2 136/4 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍ റോയൽസ്. അധികം വൈകാതെ രാജസ്ഥാന് ജൈസ്വാളിന്റെ വിക്കറ്റ് നഷ്ടമായി. ഹര്‍പ്രീത് ബ്രാര്‍ ആണ് വിക്കറ്റ് നേടിയത്. ജൈസ്വാൽ പുറത്താകുമ്പോള്‍ 14.2 136/4 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍ റോയൽസ്.
പിന്നീട് കണ്ടത് മഹിപാൽ ലോംറാറിന്റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു. ആദിൽ റഷീദിനെയും ദീപക് ഹൂഡയെയും തിരഞ്ഞ് പിടിച്ച് സിക്സറുകള്‍ പറത്തിയ ലോംറോര്‍ മത്സരം മാറ്റി മറിയ്ക്കുന്ന ഇന്നിംഗ്സാണ് കാഴ്ചവെച്ചത്. 43 റൺസ് നേടിയ മഹിപാലിനെ വീഴ്ത്തി അര്‍ഷ്ദീപ് മത്സരത്തിലെ തന്റെ മൂന്നാമത്തെ വിക്കറ്റ് നേടുകയായിരുന്നു. മത്സരത്തിൽ അഞ്ച് വിക്കറ്റാണ് താരം നേടിയത്.
മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതിൽ അവസാന ഓവറുകളിൽ ക്രിസ് മോറിസ്, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ എന്നിവരുടെ വിക്കറ്റുകള്‍ ഉള്‍പ്പെടുന്നു.