വനിതാ ഫുട്ബോൾ ലോകത്ത് ലിയോണ് എതിരാളികളായി ആരുമില്ല എന്ന് ഒരിക്കൽ കൂടെ തെളിഞ്ഞിരിക്കുന്നു. തുടർച്ചയായ നാലാം വർഷവും ചാമ്പ്യൻസ് ലീഗ് കിരീടം തങ്ങളുടേതാക്കാൻ ഇന്ന് ലിയോണിനായി. ഫൈനലിൽ ബാഴ്സലോണയെ തകർത്തെറിഞ്ഞായിരുന്നു ലിയോണിന്റെ കിരീടനേട്ടം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലിയോൺ വിജയിച്ചത്.
ആദ്യ 30 മിനുട്ടിനകത്ത് തന്നെ ലിയോൺ നാലു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. അദ ഹെർഗബെർഗിന്റെ ഹാട്രിക്കാണ് കിരീടം ലിയോണ് നൽകിയത്. 16 മിനുട്ടിനുള്ളിൽ ആണ് അദ ഹാട്രിക്ക് തികച്ചത്. 14, 19, 30 മിനുട്ടുകളിൽ ആയിരുന്നു ഗോളുകൾ. ഇതോടെ അദ വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമായി മാറി. അദയെ കൂടാതെ മറോസാൻ ആണ് ലിയോണിന്റെ മറ്റൊരു ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ ബാഴ്സലോണ മെച്ചപ്പെട്ട കളി പുറത്തെടുത്തെങ്കിലും ഒരു ഗോൾ നേടാൻ മാത്രമെ ബാഴ്സലോണക്കായുള്ളൂ. അവസാന മിനുട്ടിൽ ഒഷൊവോളയാണ് ബാഴ്സലോണയുടെ ആശ്വാസ ഗോൾ നേടിയത്. ബാഴ്സലോണയുടെ ആദ്യ ഫൈനലായിരുന്നു ഇത്. ലിയോണ് ഈ കിരീടത്തോടെ ആറ് ചാമ്പ്യൻസ് ലീഗ് കിരീടമായി.