എത്തിച്ചേർന്ന ക്ലബ്ബുകളിൽ എല്ലാം തകർപ്പൻ പ്രകടനത്തോടെ ആരാധക ഹൃദയങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട് ലൂയിസ് സുവാരസ്. 35ആം വയസ്സിൽ ബ്രസീലിയൻ ലീഗിലെ ഗ്രമിയോയിൽ എത്തിയ സൂപ്പർ താരം അവിടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കിയില്ല. പതിനഞ്ചു ഗോളുമായി ടോപ്പ് സ്‌കോറർ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയ താരം ഇപ്പോൾ തന്റെ ടീമിനോടും ആരാധകരോടും വിടപറഞ്ഞിരിക്കുകയാണ്. ഒരു സീസണിലേക്കുള്ള കരാർ ഒപ്പിട്ടിരുന്ന താരം നിലവിൽ ഫ്രീ ഏജന്റ് ആണ്. ലീഗിലെ അവസാന മത്സര ശേഷം താരവും കുടുംബവും സ്റ്റേഡിയത്തിൽ തങ്ങളുടെ അഭിവാദ്യം അർപ്പിച്ചു. അടുത്ത സീസണിലേക്ക് താരം ടീമിൽ പുതിയ കരാർ ഒപ്പിടില്ല എന്നും ബ്രസീലിൽ ഉണ്ടാവില്ല എന്നുമുറപ്പായിട്ടുണ്ട്. ലീഗ് അവസാനിക്കുമ്പോൾ നാലാം സ്ഥാനത്താണ് ഗ്രമിയോ.
ഇന്റർ മയാമി ആണ് ലൂയിസ് സുവരസിന്റെ പുതിയ തട്ടകം. ക്ലബ്ബുമായി സുവാരസ് അവസാന ഘട്ട ചർച്ചയിൽ ആണെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ കരാറിലും ഒപ്പിട്ടെക്കും. ഇതോടെ വീണ്ടുമൊരു മെസ്സി-സുവാരസ് കൂട്ടുകെട്ടിനാണ് എംഎൽഎസ് അരങ്ങൊരുങ്ങുന്നത്. എന്നാൽ ഗ്രിമിയോക്ക് വേണ്ടിയുള്ള അവസാന മത്സര ശേഷം തന്റെ ശരീരം വിശ്രമം ആവശ്യപ്പെടുന്നതായി താരം പറഞ്ഞിരുന്നു. എന്നാൽ മുന്നിലുള്ള ചെറിയ ഇടവേളയെ കുറിച്ചാണ് ഇതെന്നാണ് സൂചന. കരിയർ തുടരുമോ എന്ന കാര്യം ഇതിന് ശേഷം തീരുമാനിക്കും എന്നും സുവാരസ് പറഞ്ഞു. എംഎൽഎസ് സീസൺ തുടങ്ങാൻ ഇനിയും സമയം ഉണ്ടെന്നിരിക്കെ അമേരിക്കയിൽ തന്നെ ആവും താരത്തിന്റെ ഭാവി എന്നാണ് എല്ലാ സൂചനകളും.
Download the Fanport app now!