ഇന്ന് നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ റോയൽസിനെതിരെ 180-5 റൺസ് നേടി. സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അഭാവത്തിൽ റിയാൻ പരാഗിന്റെ നേതൃത്വത്തിൽ ഇറങ്ങിയ രാജസ്ഥാൻ റോയൽസ് മികച്ച ബോളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. എന്നിരുന്നാലും, ലഖ്‌നൗവിന് പൊരുതാവുന്ന സ്കോറിലേക്ക് എത്താൻ സാധിച്ചു.

ലഖ്‌നൗവിൻ്റെ ബാറ്റിംഗ് നിരയിൽ അർദ്ധ സെഞ്ചുറികൾ നേടിയ ആയുഷ് ബദോനിയും, ഐയ്ഡൻ മാർക്രവുമാണ് ടീമിന് തുണയായത്. മാർക്രം 45 പന്തുകളിൽ നിന്ന് 66 റൺസ് നേടിയപ്പോൾ, ബദോനി 34 പന്തുകളിൽ 50 റൺസ് സ്വന്തമാക്കി. മറ്റ് ലഖ്‌നൗ ബാറ്റർമാർക്ക് കാര്യമായ പ്രകടനം നടത്താനായില്ല. അവസാനം സമദ് 10 പന്തിൽ നിന്ന് 30 അടിച്ച് ലഖനൗവിനെ 180 കടക്കാൻ സഹായിച്ചു. സന്ദീപിന്റെ അവസാന ഓവറിൽ 4 സിക്സ് സമദ് അടിച്ചു.
രാജസ്ഥാൻ റോയൽസിൻ്റെ ബോളിംഗ് നിരയിൽ വാനിന്ദു ഹസരംഗ രണ്ട് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. സന്ദീപ് ശർമ്മ, ജോഫ്ര ആർച്ചർ, തുഷാർ പാണ്ഡെ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി ലഖ്‌നൗവിനെ സമ്മർദ്ദത്തിലാക്കി.