കേരള വനിതാ ലീഗിന്റെ ഈ സീസൺ ആരംഭിക്കും മുമ്പ് തന്നെ ചർച്ച ആയ ക്ലബായിരുന്നു ലോർഡ്സ് എഫ് എ. ഈ കേരള വനിതാ ലീഗിനായി ഏറ്റവും നന്നായി ഒരുങ്ങിയ ക്ലബ്. അവർ ഇന്ന് ലീഗിലെ ആദ്യ മത്സരത്തിൽ നേരിട്ടത് കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഡോൺ ബോസ്കോയെ ആയിരുന്നു. എന്നിട്ടും വൻ വിജയം നേടാൻ ലോർഡ്സിനായി. ഇന്ന് കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ 12 ഗോളുകൾ ആണ് ലോർഡ്സ് എഫ് എ അടിച്ചു കൂട്ടിയത്. 12-2ന്റെ വിജയവും നേടി. മേഘ്നയും വിൻ തുണും ലോർഡ്സിനായി ഇന്ന് നാലു ഗോളുകൾ വീതം നേടി.
അഞ്ചാം മിനുട്ടിൽ തന്നെ ആദ്യ ഗോൾ നേടാൻ ലോർഡ്സിനായി. ഇന്ത്യൻ താരം ഇന്ദുമതിയുടെ അസിസ്റ്റുൽ നിന്ന് മുൻ ഗോകുലം താരമായ വിൻ ടുൺ ആണ് ലോർഡ്സിന്റെ ആദ്യ ഗോൾ നേടിയത്. 13ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ലോർഡ്സ് രണ്ടാം ഗോൾ നേടി. സോനയുടെ ക്രോസ് ആയിരുന്നു ഡോൺ ബോസ്കോ ഡിഫൻഡറിൽ തട്ടി ഗോളായി മാറിയത്.
28ആം മിനുട്ടിൽ ക്യാപ്റ്റൻ രേഷ്മയിലൂടെ ഒരു ഗോൾ മടക്കി കൊണ്ട് ഡോൺ ബോസ്കോ കളിയിലേക്ക് തിരികെ വന്നു. പക്ഷെ അധികനേരം ലോർഡ്സ് അറ്റാക്കിനു മുന്നിൽ പിടിച്ചു നിൽക്കാൻ ഡോൺ ബോസ്കോക്ക് ആയില്ല. 32ആം മിനുട്ടിൽ ലോർഡ്സ് രണ്ട് ഗോൾ ലീഡ് പുനസ്താപിച്ചു. കാത്തികയുടെ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് അടിച്ചാണ് വിൻ തുൺ ലോർഡ്സിന്റെ മൂന്നാം ഗോൾ നേടിയത്.
38ആം മിനുട്ടിൽ വിൻ ഹാട്രിക്ക് തികച്ചു. ഇത്തവണ മേഘ്നയുടെ അസിസ്റ്റിൽ നിന്നായിരുന്നു വിൻ തുണിന്റെ ഗോൾ. 40ആം മിനുട്ടിലും 43ആം മിനുട്ടിലും മേഘ്ന ഗോളുകൾ നേടിയതോടെ ലോർഡ്സ് 6-1ന് മുന്നിൽ എത്തി.
രണ്ടാം പകുതിയിലും ഗോൾ ഒഴുക്ക് തുടർന്നു. 48ആം മിനുട്ടിലും വിൻ ഗോൾ നേടിയതോടെ സ്കോർ 7-1 എന്നായി. പിന്നെ മേഘ്നയും ഇന്ദുമതിയും രണ്ടാം പകുതിയിൽ ഇരട്ട ഗോളുകൾ നേടി. ഒപ്പം സോന ഒരു ഗോളും നേടി. ഡോൺ ബോസ്കോയ്ക്ക് ആയി രേഷ്മ ഒരു ഗോൾ കൂടെ അടിച്ചു എങ്കിലും പരാജയ ഭാരം അവർക്ക് താങ്ങാവുന്നതിലും വലുത് ആയിരുന്നു.
Story Highlight: Lords FA score a dozen of goals against Don Bosco in Kerala Women’s League