Shardulthakur

ലോര്‍ഡ് താക്കൂറിന്റെ താണ്ഡവത്തിന് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം , കൊൽക്കത്തയ്ക്ക് 204 റൺസ്

89/5 എന്ന നിലയിലേക്ക് വീണ കൊൽക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ച് ശര്‍ദ്ധുൽ താക്കൂറിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. 204/7 എന്ന സ്കോറാണ് താക്കൂറും റിങ്കും ചേര്‍ന്ന് കൊൽക്കത്തയെ എത്തിച്ചത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് മികച്ച രീതിയിൽ ബാറ്റ് വീശുമ്പോളും മറുവശത്ത് വിക്കറ്റുകള്‍ കൊഴിയുകയായിരുന്നു.

47/3 എന്ന നിലയിലേക്ക് കൊൽക്കത്ത വീണപ്പോള്‍ വെങ്കിടേഷ് അയ്യ‍‍ർ(3), മന്‍ദീപ് സിംഗ് എന്നിവരെ അടുത്തടുത്ത പന്തുകളിൽ ഡേവിഡ് വില്ലി പുറത്താക്കുകയായിരുന്നു. നിതീഷ് റാണയെ കൂടി ടീമിന് നഷ്ടമായപ്പോള്‍ ഗുര്‍ബാസ് 44 പന്തിൽ 57 റൺസ് നേടി പുറത്തായി.

ഗുര്‍ബാസിനെ കരൺ ശര്‍മ്മയാണ് പുറത്താക്കിയത്. തൊട്ടടുത്ത ആന്‍ഡ്രേ റസ്സലും കരൺ ശര്‍മ്മയ്ക്ക് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ കൊൽക്കത്ത 89/5 എന്ന നിലയിലേക്ക് വീണു.

പിന്നീട് ശര്‍ദ്ധുൽ താക്കൂറിന്റെ ഒറ്റയാള്‍ പ്രകടനം ആണ് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിച്ചത്. റിങ്കു സിംഗിനെ കൂട്ടുപിടിച്ച് താരം 20 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ ഈ കൂട്ടുകെട്ട് 103 റൺസാണ് നേടിയത്.

അവസാന ഓവറുകളിൽ റിങ്കുവും അടി തുടങ്ങിയപ്പോള്‍ കൊൽക്കത്ത വലിയ സ്കോറിലേക്ക് നീങ്ങി. 33 പന്തിൽ 46 റൺസ് നേടി റിങ്കു പുറത്തായപ്പോള്‍ താക്കൂര്‍ 29 പന്തിൽ 68 റൺസ് നേടിയാണ് പുറത്തായത്.

 

Exit mobile version