എന്തിനാണ് യുവന്റസ് ലോകടെല്ലിയെ ഈ ട്രാൻസ്ഫർ മാർക്കറ്റിലെ പ്രധാന ടാർഗറ്റായി കണക്കാക്കിയിരിക്കുന്നത് എന്ന് ഇന്നത്തെ കളിയോടെ ഫുട്ബോൾ ലോകത്തിന് മനസ്സിലായി കാണും. ഇന്ന് യൂറോ കപ്പിലെ രണ്ടാം മത്സരത്തിൽ സ്വിറ്റ്സർലാന്റിനെ ഇറ്റലി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ രണ്ടു ഗോളുകളും നേടിയത് സസുവോളോയുടെ 23കാരനായ മധ്യനിര താരം ലൊകടെല്ലിയായിരുന്നു. ഈ വിജയത്തോടെ യൂറോ കപ്പ് നോക്കൗട്ട് റൗണ്ട് യോഗ്യത ഉറപ്പാക്കുന്ന ആദ്യ ടീമായും ഇറ്റലി മാറി.
തുർക്കിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ എത്തിയ ഇറ്റലി ഇന്ന് തുടക്കം മുതൽ സ്വിസ്സ് പടക്കുമേൽ ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടത്. ആദ്യ മുതൽ ഇറ്റലി അറ്റാക്കുകളാണ് കാണാൻ കഴിഞ്ഞത്. ഇരുപതാം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ഇറ്റലി ക്യാപ്റ്റൻ കിയെല്ലിനി അസൂറികൾക്ക് ലീഡ് നൽകി. എന്നാൽ ഗോൾ അടിക്കും മുമ്പ് പന്ത് കയ്യിൽ കൊണ്ടതിനാൽ ആ ഗോൾ നിഷേധിച്ചു. ഇതിനു പിന്നാലെ പരിക്കേറ്റ് കിയെല്ലിനി കളം വിട്ടു. എങ്കിലും ഇറ്റലി തളർന്നില്ല.
26ആം മിനുട്ടിൽ ഇറ്റലി ലൊകടെല്ലിയിലൂടെ ലീഡ് എടുത്തു. വലതു വിങ്ങികൂടെ ബെറാഡി നടത്തിയ ഒറ്റയ്ക്കുള്ള കുതിപ്പ് സ്വിസ്സ് ഡിഫൻസിനെ ആകെ കീഴ്പ്പെടുത്തി. പെനാൾട്ടി ബോക്സിൽ വെച്ച് ബെറാഡ് ഗോൾ മുഖത്തേക്ക് നൽകിയ പാസ് ലൊകടെല്ലി വലയിലേക്ക് എത്തിക്കുകയും ചെയ്തു. ഈ ഗോൾ വീണിട്ടും സ്വിറ്റ്സർലാന്റിന് ഇറ്റലിക്ക് എതിരെ പ്രത്യാക്രമണം നടത്താൻ ആയില്ല. ഫിനിഷിങ് നന്നായിരുന്നു എങ്കിൽ ആദ്യ പകിതിയിൽ തന്നെ ഇറ്റലിക്ക് വിജയം ഉറപ്പിക്കാമായിരുന്നു.
രണ്ടാം പകുതിയിൽ ലൊകടെല്ലി തന്നെ വേണ്ടി വന്നു ഇറ്റലിക്ക് ലീഡ് ഇരട്ടിയാക്കാൻ. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ആണ് ലൊകടെല്ലിയുടെ രണ്ടാം ഗോൾ വന്നത്. ബരെല്ല കൊടുത്ത പാസ് പെനാൾട്ടി എത്തിച്ചു. പുറത്ത് നിന്ന് ഇടം കാലു കൊണ്ട് ഡ്രിൽ ചെയ്ത് താരം ഗോൾവലയുടെ കോർണറിൽ എത്തിച്ചു. ഈ ഗോൾ ഇറ്റലിയുടെ മൂന്ന് പോയിന്റും നോക്കൗട്ട് യോഗ്യതയും ഉറപ്പിച്ചു. ഇതിനു ശേഷവും വിരലിൽ എണ്ണാവുന്നതിൽ അധികം അവസരങ്ങൾ ഇറ്റലി സൃഷ്ടിച്ചു. അവസാനം 89ആം മിനുട്ടിൽ ഇമ്മൊബിലെ ആണ് പവർഫുൾ സ്ട്രൈക്കിലൂടെ ഇറ്റലിയുടെ മൂന്നാം ഗോൾ നേടിയത്.
ഈ വിജയം ഇറ്റലിയുടെ തുടർച്ചയായ പത്താം വിജയമാണ്. ഈ വർഷം ഇറ്റലി ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ അവർ വെയിൽസിനെ നേരിടും.