ബ്രിട്ടീഷ് ട്രാൻസ്ഫർ റെക്കോർഡ് തുക തകർത്തു ലിവർപൂൾ. ബ്രൈറ്റണിന്റെ ഇക്വഡോർ മധ്യനിര താരം മോയിസസ് കൈസെദോക്ക് ആയി 110 മില്യൺ പൗണ്ട് എന്ന റെക്കോർഡ് തുകയാണ് അവർ മുടക്കുക. ഇതോടെ ചെൽസി എൻസോ ഫെർണാണ്ടസിന് ആയി മുടക്കിയ റെക്കോർഡ് തുക പഴയ കഥയാവും. അതേസമയം ബ്രിട്ടീഷ് ക്ലബുകൾ തമ്മിലുള്ള ട്രാൻസ്ഫർ റെക്കോർഡും ഇത് തകർക്കും. ആഴ്‌സണലിന്റെ റൈസ് ട്രാൻസ്ഫർ ആണ് അവർ മറികടക്കുക. ഇന്നലെ രാത്രി വളരെ നാടകീയമായ നിമിഷങ്ങൾക്ക് ശേഷം ആണ് ലിവർപൂൾ തങ്ങളുടെ റെക്കോർഡ് ട്രാൻസ്ഫർ യാഥാർത്ഥ്യം ആക്കിയത്.
ബ്രൈറ്റണിനു പിറകിൽ നിരവധി തവണ ഓഫറുകളും ആയി പോയ ചെൽസിയെ ഞെട്ടിച്ചു ഇന്നലെയാണ് ലിവർപൂൾ 21 കാരനായ താരത്തിന് ആയി രംഗത്ത് വന്നത്. ചെൽസിയും ആയി വ്യക്തിഗത കരാറിൽ ധാരണയിൽ ആയ കൈസെദോയെ പക്ഷെ കൂടുതൽ വില നൽകുന്ന ടീമിന് മാത്രമെ വിൽക്കൂ എന്ന ബ്രൈറ്റൺ നിലപാട് മാറിയില്ല. അർദ്ധ രാത്രിയിൽ ഏറ്റവും കൂടുതൽ പണം നൽകുന്ന ടീമിനെ കാത്തിരുന്ന ബ്രൈറ്റണിനു മുന്നിൽ 100 മില്യൺ പൗണ്ടിന്റെ ഓഫർ ചെൽസി മുന്നോട്ട് വെച്ചപ്പോൾ 110 മില്യൺ പൗണ്ടിന്റെ അവിശ്വസനീയ ഓഫർ മുന്നോട്ട് വെച്ച ലിവർപൂൾ ചെൽസി നീക്കം ഹൈജാക്ക് ചെയ്തു.
താരത്തിന് ഇന്ന് തന്നെ മെഡിക്കൽ ബുക്ക് ചെയ്ത ലിവർപൂൾ താരവും ആയി വ്യക്തിഗത കരാറിലും ധാരണയിൽ എത്തും. താരത്തെ മാസങ്ങളോളം സ്വന്തമാക്കാൻ ശ്രമിച്ച ചെൽസിക്ക് ലഭിച്ച ഇരുട്ടടി തന്നെയാണ് ഈ ലിവർപൂൾ നീക്കം. 2022 സീസണിൽ തന്റെ മികവ് പ്രീമിയർ ലീഗിൽ അറിയിച്ച താരം മധ്യനിരയിൽ തന്റെ മികവ് കാണിച്ചു. കഴിഞ്ഞ സീസണിൽ ലീഗിൽ 37 മത്സരങ്ങളിൽ കളിച്ച താരം ബ്രൈറ്റണിനെ യൂറോപ്പ ലീഗിൽ യോഗ്യത നേടി നൽകുന്നതിൽ നിർണായക പങ്ക് ആണ് വഹിച്ചത്. 2020 ൽ ദേശീയ ടീമിന് ആയി അരങ്ങേറ്റം കുറിച്ച കൈസെദോ കഴിഞ്ഞ ലോകകപ്പിലും ശ്രദ്ധേയമായ പ്രകടനം ആണ് നടത്തിയത്. ഇക്വഡോറിനു ആയി ഇത് വരെ 32 കളികൾ താരം കളിച്ചിട്ടുണ്ട്. ലിവർപൂൾ മധ്യനിരക്ക് വലിയ കരുത്ത് ആവും മോയിസസ് കൈസെദോയുടെ വരവ് എന്നുറപ്പാണ്.