ചാമ്പ്യൻസ് സെമി ഫൈനലിനോട് അടുത്ത് ലിവർപൂൾ. ഇന്ന് പോർച്ചുഗലിൽ ചെന്ന് ബെൻഫികയെ നേരിട്ട ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ ലിവർപൂൾ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. 17ആം മിനുട്ടിൽ റൊബേർട്സന്റെ കോർണറിൽ നിന്ന് ഒരു ഹെഡറിലൂടെ ഇബ്രാഹിം കൊനാറ്റെ ആണ് ലിവർപൂളിന് ലീഡ് നൽകിയത്. കൊനാറ്റെയുടെ ലിവർപൂൾ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്..
34ആം മിനുട്ടിൽ ലിവർപൂളിന്റെ രണ്ടാം ഗോളും വന്നു. അർനോൾഡിന്റെ മനോഹരമായ ഒരു ലോങ് പാസ് ഫസ്ട് ടച്ചിൽ തന്നെ ഡിയസ് മാനെക്ക് മറിച്ചു നൽകുകയും താരം വല കുലുക്കുകയുമായിരുന്നു. ഈ അവസരങ്ങൾ ഉൾപ്പെടെ ആറ് മികച്ച അവസരങ്ങൾ ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ സൃഷ്ടിച്ചു.
രണ്ടാം പകുതിയിൽ ബെൻഫിക കളിയിലേക്ക് തിരികെവരാൻ ശ്രമിക്കുകയും 49ആം മിനുട്ടിൽ ഫലം കാണുകയും ചെയ്തു. കൊനാറ്റയുടെ പിഴവ് മുതലെടുത്ത് നുനെസ് ആണ് ബെൻഫികയ്ക്ക് ഒരു ഗോൾ നൽകിയത്. നുനസ് ഈ സീസണിൽ നേടുന്ന അഞ്ചാമത്തെ ഗോളായിരുന്നു ഇത്. ഈ ഗോൾ ബെൻഫികയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. അവസാനം ലൂയിസിന്റെ ഗോൾ കൂടെ വന്നതോടെ പരാജയത്തിന്റെ ആഴം കൂടി.
അടുത്ത ആഴ്ച ആൻഫീൽഡിൽ നടക്കുന്ന രണ്ടാം പാദത്തിൽ ഇനി അത്ഭുതങ്ങൾ നടന്നാൽ മാത്രമെ ബെൻഫികയ്ക്ക് ലിവർപൂളിനെ സെമിയിൽ നിന്ന് തടയാൻ ആവുകയുള്ളൂ. ആൻഫീൽഡിൽ ലിവർപൂൾ അതിംഗംഭീര പ്രകടനങ്ങൾ ആണ് നടത്തി വരുന്നത്.