തോൽവികൾക്ക് വിരാമം കൊടുത്തു പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരികെയെത്തിയതിന് പിന്നാലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിർണായക ജയവുമായി ലിവർപൂൾ. സ്വന്തം മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് റയൽ മാഡ്രിഡിനെ അവർ വീഴ്ത്തുക ആയിരുന്നു. തുടർച്ചയായ രണ്ടാം വർഷമാണ് ലിവർപൂൾ ഗ്രൂപ്പ് ഘട്ടത്തിൽ റയൽ മാഡ്രിഡിനെ തോൽപ്പിക്കുന്നത്. മത്സരത്തിൽ റയലിനു വലിയ അവസരം ഒന്നും ലിവർപൂൾ പ്രതിരോധം നൽകിയില്ല.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് ലിവർപൂൾ വിജയഗോൾ പിറന്നത്. സബോസലായുടെ ഫ്രീകിക്കിൽ നിന്നു 61 മത്തെ മിനിറ്റിൽ അർജന്റീനൻ താരം അലക്സിസ് മക്ആലിസ്റ്റർ ആണ് ലിവർപൂൾ വിജയഗോൾ നേടിയത്. തന്റെ പഴയ ക്ലബിന് എതിരെ വിജയം കാണാൻ പരിശീലകൻ സാബി അലോൺസോയിക്കോ പകരക്കാരനായി ഇറങ്ങിയ ട്രെന്റ് അലക്സാണ്ടർ-അർണോൾഡിനോ ആയില്ല. നിലവിൽ നാലു ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നു 9 പോയിന്റ് ആണ് ഇരു ടീമുകൾക്കും ഉള്ളത്.














