ലയണൽ മെസ്സിയുടെ സമീപ ഭാവി സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പടർന്ന ഊഹാപോഹങ്ങൾക്ക് അവസാനമാകുന്നു. താരം ലോണിൽ യൂറോപ്പിലെയോ സൗദിയിലെയോ ക്ലബ്ബുകളിലേക്ക് എത്തിയേക്കുമെന്ന സൂചനകൾ ഫാബ്രിസിയോ റൊമാനൊ തള്ളിക്കളഞ്ഞു. ഇന്റർ മയാമി എംഎൽഎസ് പ്ലേഓഫിൽ കടക്കാതെ പുറത്തായതിന് പിറകെയാണ് താരം ബാഴ്‌സലോണയിലേക്കോ സൗദി ടീമുകളിലേക്കോ ചേക്കേറിയേക്കും എന്ന വാർത്തകൾ പ്രചരിച്ചത്. ഒക്ടോബർ 21ന്റെ മത്സരത്തോടെ മയാമിയുടെ ഈ സീസണിലെ മത്സരങ്ങൾ അവസാനിക്കും. പിന്നീട് ഫെബ്രുവരിയിൽ മാത്രമേ അടുത്ത സീസൺ തടങ്ങൂ.
അതേ സമയം മെസ്സിക്ക് മുൻപിൽ ഇനിയും മത്സരങ്ങൾ ഉണ്ടെന്ന് ഫാബ്രിസിയോ റോമാനൊ ചൂണ്ടിക്കാണിക്കുന്നു. ഇന്റർ മയാമിക്കൊപ്പം സീസണിൽ ബാക്കിയുള്ള മത്സരങ്ങൾ കൂടാതെ നവംബറിൽ അർജന്റീനയുടെ മത്സരങ്ങളും ഉണ്ട്. അതും ബ്രസീലിനും ഉറുഗ്വെക്കും എതിരായ കടുത്ത പോരാട്ടങ്ങളും. ശേഷം ഇന്റർ മയാമിക്കൊപ്പം തന്നെ സൗഹൃദ മത്സരങ്ങളും ഉണ്ടായേക്കും. പിന്നീട് ജനുവരിയിൽ പ്രീ സീസൺ തുടങ്ങുന്നത് വരെ താരത്തിന് വിശ്രമിക്കാം എന്നും റൊമാനോ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ ലയണൽ മെസ്സി യൂറോപ്പിലേക്ക് തിരിച്ചു വന്നേക്കും എന്ന അഭ്യൂഹങ്ങൾ പൂർണമാവും അവസാനിക്കുകയാണ്. കൂടാതെ ഒക്ടോബർ അവസാനം ബാലൻ ഡിയോർ ചടങ്ങിനും മെസ്സി എത്തുന്നുണ്ടെന്ന് റൊമാനൊ വെളിപ്പെടുത്തി.