ലിവർപൂളിനെ വരെ ചാമ്പ്യൻസ് ലീഗിന് പുറത്തേക്ക് അയച്ച അത്ലറ്റിക്കോ മാഡ്രിഡ് പ്രതിരോധത്തിന് ഇന്ന് പിഴച്ചു. ജർമ്മനിയിൽ നിന്ന് ഉള്ള ലെപ്സിഗ് സിമിയോണിയുടെ ടീമിനെ വരിഞ്ഞ് കെട്ടി കൊണ്ട് സെമി ഫൈനലിലേക്ക് കുതിച്ചു. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചാണ് ലെപ്സിഗ് സെമി ഉറപ്പിച്ചത്. ക്ലബിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലാണിത്.
പതിവു പോലെ ഇന്നും ഡിഫൻസും കൗണ്ടറും തന്നെ ആയിരുന്നു സിമിയോണിയുടെയും അത്ലറ്റിക്കോ മാഡ്രിഡിന്റെയും പദ്ധതി. എന്നാൽ നിറയെ മികച്ച അറ്റാക്കിംഗ് ടാലന്റുകൾ ഉള്ള ലെപ്സിഗിനെതിരെ അത്ലറ്റിക്കോയുടെ ഡിഫൻസ് തുടക്കം മുതൽ വിറച്ചു. ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല എങ്കികും കൂടുതൽ സമയം പന്ത് കൈവശം വെച്ചതും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതുമെല്ലാം ലെപ്സിഗ് തന്നെ ആയിരുന്നു.
രണ്ടാം പകുതിയിൽ അവരുടെ അറ്റാക്കുകൾക്ക് ഫലവും ലഭിച്ചു. 51ആം മിനുട്ടിൽ ഓൽമോയിലൂടെ ലെപ്സിഗ് ലീഡ് എടുത്തു. സബിസറിന്റെ ക്രോസിൽ നിന്ന് മനോഹരമായ ഒരു ഹെഡറിലൂടെ ആയിരുന്നു ഓൽമോയുടെ ഗോൾ. താരത്തിന്റെ ലെപ്സിഗിനായുള്ള ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്. ഈ ഗോളൊടെ അത്ലറ്റിക്കോ മാഡ്രിഡ് കളി മാറ്റി. യുവ പോർച്ചുഗീസ് താരം ജാവോ ഫെലിക്സ് ഇറങ്ങിയതോടെ അത്ലറ്റിക്കോ മാഡ്രിഡും അറ്റാക്ക് ചെയ്യാൻ തുടങ്ങി. അവസാനം ഫെലിക്സ് തന്നെ അത്ലറ്റിക്കോയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു.
71ആം മിനുട്ടിൽ ഒരു പെനാൾട്ട് വിജയിക്കാൻ ഫെലിക്സിനായി. സമ്മർദ്ദങ്ങളിൽ പതറാതെ ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാനിം ഫെലിക്സിനായി. ആ സമനില ഗോളിന് ശേഷം രണ്ട് ടീമുകളും വിജയ ഗോളിനായുള്ള ശ്രമങ്ങൾ തുടർന്നു. സമനില ഗോൾ വീണത് കണ്ട് ഇന്നലെ അറ്റലാന്റ പതറിയത് പോലെ ഇന്ന് ലെപ്സിഗ് പതറിയില്ല. 87ആം മിനുട്ടിൽ അവർ അവരുടെ ലീഡ് തിരിച്ചു പിടിച്ചു. സബ്ബായി ഇറങ്ങിയ അമേരിക്കൻ താരം ടെയ്ലർ ആഡംസ് ആണ് ലെപ്സിഗിനെ 2-1 എന്ന സ്കോറിന് മുന്നിൽ എത്തിച്ചത്. ആഡംസിന്റെ ബോക്സിന് പുറത്തു നിന്നുള്ള ഷോട്ട് അത്കറ്റിക്കോ ഡിഫൻസിന്റെ കാലിൽ തട്ടി ദിശ മാറി നേരെ വലയിലേക്ക്. ഒബ്ലക്കിന് നോക്കി നിൽക്കാൻ മാത്രമേ ആയുള്ളൂ.
ഇത്തവണ ലീഡ് സംരക്ഷിക്കാൻ ലെപ്സിഗിനായി. അവർ ക്ലബ് ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലേക്ക് എത്തുകയും ചെയ്തു. സെമിയിൽ പി എസ് ജിയെ ആകും ലെപ്സിഗ് നേരിടുക.