ഈ വർഷം ബാലൻ ഡി ഓർ ഇല്ലാത്ത സങ്കടം ഫിഫാ ബെസ്റ്റ് നേടിക്കൊണ്ട് പോളിഷ് സ്ട്രൈക്കർ ലെവൻഡോസ്കി തീർത്തിരിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരമായ ഫിഫ ബെസ്റ്റ് ലെവൻഡോസ്കി സ്വന്തമാക്കിയിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ലയണൽ മെസ്സിയെയും മറികടന്നാണ് ലെവൻഡോസ്കി ലോക ഫുട്ബോളിന്റെ നെറുകയിലെത്തിയത്.
ലെവൻഡോസ്കിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണായിരുന്നു കഴിഞ്ഞ സീസണിലേത്. ചാമ്പ്യൻസ് ലീഗ് കിരീടം അടക്കം ബയേണൊപ്പം ട്രെബിൾ കിരീടം നേടാൻ ലെവൻഡോസ്കിക്ക് ആയിരുന്നു. ഈ കഴിഞ്ഞ സീസണിൽ ലെവൻഡോസ്കി അടിച്ചു കൂട്ടിയത് 55 ഗോളുകളാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഒരു സീസണിലെ ഏറ്റവും മികച്ച ടാലിയാണിത്. 47 മത്സരങ്ങളിൽ നിന്നാണ് ഈ 55 ഗോളുകൾ പിറന്നത്. കളിച്ച മൂന്ന് ടൂർണമെന്റിലും കിരീടവും ഒപ്പം ടോപ്പ് സ്കോററും. ബുണ്ടസ് ലീഗയിൽ 34 ഗോളുമായി ടോപ്പ് സ്കോറർ, ജർമ്മൻ കപ്പിൽ 6 ഗോളുമായി ടോപ്പ് സ്കോറർ, ഒപ്പം ചാമ്പ്യൻസ് ലീഗിൽ 15 ഗോളുകളുമായും ടോപ്പ് സ്കോറർ. ഇത്തവണ ഈ പുരസ്കാരത്തിന് ലെവൻഡോസ്കിക്ക് ഒരു എതിരാളി പോലും ഉണ്ടായില്ല എന്നതാണ് വാസ്തവം.