റെക്കോർഡുകൾ തകർത്തു കൊണ്ടുള്ള തന്റെ പ്രകടനങ്ങൾ ആവർത്തിച്ചു ബയേൺ മ്യൂണിച്ചിന്റെ പോളിഷ് താരം. ലെവർകുസനെതിരെ ഗോൾ നേടിയതോടെ തന്റെ തന്നെ ഒരു സീസണിലെ ഏറ്റവും മികച്ച പ്രകടനമായ 44 ഗോളുകൾ എന്ന റെക്കോർഡിലേക്ക് ലെവൻഡോസ്കി എത്തി. ജർമ്മൻ റെക്കോർഡ് ചാമ്പ്യന്മാർക്ക് ആയി 279 കളികളിൽ നിന്നു 235 മത്തെ ഗോൾ ആയിരുന്നു ലെവക്ക് ഇത്. കൂടാതെ ഇത് അഞ്ചാം തവണയാണ് ഒരു സീസണിൽ 40 ഗോൾ എന്ന മാർക്ക് പോളിഷ് താരം മറികടക്കുന്നത്.
ലീഗിൽ താരത്തിന്റെ 30 മത്തെ ഗോൾ ആയിരുന്നു ഇത്. ഇത് 2016-17 സീസണിനു ശേഷം മൂന്നാം തവണയാണ് താരം ലീഗിൽ 30 ഗോളുകൾ കണ്ടത്തുന്നത്. 5 തവണ ഈ നേട്ടം കൈവരിച്ച ഇതിഹാസതാരം ഗെർഡ് മുള്ളർ മാത്രം ആണ് ഈ കണക്കിൽ ലെവക്ക് മുന്നിലുള്ളത്. കൂടാതെ ലീഗിലെ 30 മത്തെ മത്സരത്തിൽ 90 മത്തെ ഗോൾ ആണ് ബയേൺ ഇന്നലെ നേടിയത്, ഇതും പുതിയ ബുണ്ടസ് ലീഗ റെക്കോർഡ് ആണ്. പുതിയ പരിശീലകൻ ഹാൻസി ഫ്ലിക്കിനു കീഴിൽ 20 കളികളിൽ നിന്നു 62 ഗോളുകൾ ആണ് അവർ കണ്ടത്തിയത്. ബുണ്ടസ് ലീഗയിൽ ഒരു പരിശീലകന്റെ ടീമും ആദ്യ 20 കളികളിൽ നിന്നു ഇത്രയും ഗോളുകൾ നേടിയിട്ടില്ല.