വംശീയതക്ക് എതിരെയും തുല്യനീതിക്കും ആയുള്ള ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിന്റെ മുട്ടു കുത്തിയിരുന്നുള്ള ഐക്യപ്പെടലിന് പോളണ്ട് ആരാധകരിൽ നിന്നും കൂവൽ നേരിട്ടു. നേരത്തെ സ്വന്തം നാട്ടിലും ഹംഗറിക്ക് എതിരായ മത്സരത്തിലും ഇത്തരം എതിർപ്പുകൾ ഉണ്ടായിട്ടും തങ്ങളുടെ നിലപാടിൽ ഉറച്ചു മുന്നോട്ട് പോവുന്ന ഇംഗ്ലീഷ് താരങ്ങളും പരിശീലകനും ലോകകപ്പ് യോഗ്യത മത്സരത്തിൽ പോളണ്ടിന് എതിരെയും സമാനമായ നിലപാട് ആണ് എടുത്തത്. ഇംഗ്ലീഷ് താരങ്ങൾ ഇങ്ങനെ മത്സരത്തിനു മുമ്പ് മുട്ടുകുത്തി ഇരുന്നതോടെ പ്രതിഷേധ സ്വരങ്ങളുമായും കൂവലുകളുമായി ആണ് പോളണ്ട് കാണികൾ ഇതിനെ സ്വീകരിച്ചത്.
ഈ സമയത്ത് ആണ് മുട്ടു കുത്തിയിരിക്കണ്ട എന്ന ടീം നിലപാടിന് ഒപ്പം നിന്നെങ്കിലും തന്റെ ജേഴ്‌സിയിലെ ‘respect’ എന്ന ഭാഗത്ത് ചൂണ്ടി ആരാധകരോട് വംശീയതക്ക് എതിരായ തന്റെ നിലപാട് പോളണ്ട് നായകൻ ആയ റോബർട്ട് ലെവഡോസ്കി വ്യക്തമാക്കിയത്. താരത്തിന്റെ നിലപാടിന് വലിയ പിന്തുണയാണ് ഫുട്‌ബോൾ ആരാധകരിൽ നിന്നും ലഭിക്കുന്നത്. അതേസമയം എത്ര എതിർപ്പ് ഉണ്ടായാലും വംശീയതക്ക് എതിരായ നിലപാട് ആയി കളിക്ക് മുമ്പ് മുട്ടു കുത്തിയിരിക്കുന്ന തങ്ങളുടെ പ്രവർത്തി തുടരുമെന്ന് ഇംഗ്ലീഷ് താരങ്ങളും വ്യക്തമാക്കി.