ഈ വർഷത്തെ ബാലൻ ഡി ഓർ തനിക്ക് അവകാശപ്പെട്ടതാണെന്ന് ബയേൺ മ്യൂണിക്കിന്റെ പോളിഷ് സൂപ്പർ സ്റ്റാർ റോബർട്ട് ലെവൻഡോസ്കി. ഈ സീസണിൽ ഒരു താരത്തിന് നേടാൻ സാധിക്കുന്ന എല്ലാ കിരീടവും താൻ സ്വന്തമാക്കി. ബയേണിനൊപ്പം കളിച്ച എല്ലാ ടൂർണമെന്റിലും താൻ തന്നെയാണ് ടോപ്പ് സ്കോറർ. ഈ സീസണിൽ ഇത്രയും നേടിയ ആൾ തന്നെയാണ് ബാലൻ ഡി ഓറിന് അവകാശി എന്നും ലെവൻഡോസ്കി കൂട്ടിച്ചേർത്തു. ജർമ്മനിയിൽ ബുണ്ടസ് ലീഗയും ജർമ്മൻ കപ്പും ബയേണിനൊപ്പം ഉയർത്തിയ ലെവൻഡോസ്കി പിഎസ്ജിയെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയിരുന്നു.
ഈ സീസണിൽ ലെവൻഡോസ്കി അടിച്ചു കൂട്ടിയത് 55 ഗോളുകളാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഒരു സീസണിലെ ഏറ്റവും മികച്ച ടാലിയാണിത്. 47 മത്സരങ്ങളിൽ നിന്നാണ് ഈ 55 ഗോളുകൾ പിറന്നത്. കളിച്ച മൂന്ന് ടൂർണമെന്റിലും കിരീടവും ഒപ്പം ടോപ്പ് സ്കോററും. ബുണ്ടസ് ലീഗയിൽ 34 ഗോളുമായി ടോപ്പ് സ്കോറർ, ജർമ്മൻ കപ്പിൽ6 ഗോളുമായി ടോപ്പ് സ്കോറർ, ഒപ്പം ചാമ്പ്യൻസ് ലീഗിൽ 15 ഗോളുകളുമായും ടോപ്പ് സ്കോറർ. ഇത്തവണ ബാലൻ ഡി ഓർ ഉണ്ടായിരുന്നു എങ്കിൽ ലെവൻഡോസ്കിക്ക് ഒരു എതിരാളി പോലും ഉണ്ടാകുമായിരുന്നില്ല. കൊറോണ വൈറസ് ബാധ ഫുട്ബോളിനെ ബാധിച്ചെന്ന കാരണം പറഞ്ഞാണ് ഫ്രാൻസ് ഫുട്ബോൾ ഈ സീസണിൽ ബാലൻ ഡി ഓർ നൽകില്ലെന്ന് തീരുമാനമെടുത്തത്.