ഗോൾ അടിച്ചു കൂട്ടി വിജയവഴിയിൽ തിരിച്ചെത്തി ബയേർ ലെവർകുസൻ

Wasim Akram

അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ബുണ്ടസ് ലീഗ മത്സരത്തിൽ വിജയം കണ്ടു ബയേർ ലെവർകുസൻ. കഴിഞ്ഞ സീസണിൽ ലീഗിൽ പരാജയം അറിയാതെ ജേതാക്കൾ ആയ അവർ മുൻ മത്സരത്തിൽ ആർ.ബി ലെപ്സിഗിനോട് പരാജയം നേരിട്ടിരുന്നു. ഇന്ന് ഹോഫൻഹെയിമിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് സാബി അലോൺസോയുടെ ടീം ജയം കണ്ടത്. 2 ഗോളുകളും 1 അസിസ്റ്റും ആയി തിളങ്ങിയ മുന്നേറ്റനിര താരം വിക്ടർ ബോണിഫേസ് ആണ് അവർക്ക് വലിയ ജയം സമ്മാനിച്ചത്.

ലെവർകുസൻ

17 മിനിറ്റിൽ മാർട്ടിൻ ടെറിയറിന്റെ ഗോളിന് അവസരം ഉണ്ടാക്കിയ ബോണിഫേസ് 30 മത്തെ മിനിറ്റിൽ ഗ്രാനിറ്റ് ശാക്കയുടെ പാസിൽ നിന്നു നേടിയ ഉഗ്രൻ ഗോളിലൂടെ ലെവർകുസൻ മുൻതൂക്കം ഇരട്ടിയാക്കി. 37 മത്തെ മിനിറ്റിൽ ബെരിഷയിലൂടെ ഹോഫൻഹെയിം ഒരു ഗോൾ മടക്കിയെങ്കിലും രണ്ടാം പകുതിയിലെ ഗോളുകളിൽ ലെവർകുസൻ ജയം പൂർത്തിയാക്കുക ആയിരുന്നു. 72 മത്തെ മിനിറ്റിൽ ഗ്രിമാൾഡോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി വിറിറ്റ്സ് ലക്ഷ്യം കണ്ടപ്പോൾ ജെറമി ഫിർപോങിന്റെ പാസിൽ നിന്നു 75 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ ബോണിഫേസ് നിലവിലെ ജേതാക്കളുടെ ജയം പൂർത്തിയാക്കി. അതേസമയം ലീഗിലെ മറ്റൊരു മത്സരത്തിൽ യൂണിയൻ ബെർലിൻ ആർ.ബി ലെപ്സിഗിനെ ഗോൾരഹിത സമനിലയിൽ തളച്ചു.