ലോകകപ്പിൽ നിന്ന് ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും ജർമ്മൻ ദേശീയ ടീം പരിശീലകൻ യാക്കിം ലോ സ്ഥാനത്ത് തുടരും. ഈ ലോകകപ്പിൽ ഒഴികെ കളിച്ച എല്ലാ ടൂര്ണമെന്റുകളിലും ജർമ്മനിയെ ചുരുങ്ങിയത് സെമി ഫൈനൽ വരെയെങ്കിലും എത്തിച്ച ലോയുമായുള്ള കരാർ തുടരാൻ ജർമ്മനി തീരുമാനിക്കുകയായിരുന്നു.
ലോകകപ്പിന് തൊട്ട് മുൻപേ 2022 വരെ കരാർ ഒപ്പിട്ട ലോയെ ലോകകപ്പ് തോൽവിക്ക് പിന്നാലെ പുറത്താക്കിയേക്കും എന്ന വാർത്തകൾക്കാണ് ഇതോടെ വിരാമമായത്. 2006 മുതൽ ജർമ്മനി പരിശീലകനായ ലോ ടീമിന് 2014 ലോകകപ്പും 2017 കോണ്ഫെഡറേഷൻ കപ്പും സമ്മാനിച്ചിരുന്നു.
ലീറോയ് സാനെയെ ടീമിൽ എടുക്കാത്തത് ഉൾപ്പെടെ ലോക്കെതിരെ കടുത്ത വിമർശങ്ങൾ വന്നിരുന്നു. ജർമ്മൻ ഇതിഹാസം മൈക്കൽ ബല്ലാക് അടക്കമുള്ളവർ ലോയുടെ തീരുമങ്ങൾക്ക് എതിരെ രംഗത്ത് എത്തിയിരുന്നു.
അടുത്ത യൂറോകപ്പിനായി ടീമിനെ സജ്ജമാകുക എന്ന വലിയ ദൗത്യമാണ് ലോക് മുൻപിൽ ഉള്ളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
