ഇരട്ട ഗോളുമായി പിറന്നാളുകാരന്‍ ജെജെ, അവസാന മിനുട്ടില്‍ സമനില നേടി ഡല്‍ഹി

Sports Correspondent

പിറന്നാളുകാരന്‍ ജെജെയുടെ ഇരട്ട ഗോളിന്റെ ബലത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ വിജയം കുറിച്ച് ചെന്നൈയിന്‍ എഫ് സി മോഹങ്ങള്‍ക്ക് തിരിച്ചടി. മത്സരത്തിന്റെ 90ാം മിനുട്ടില്‍ സമനില ഗോള്‍ കണ്ടെത്തിയാണ് ഡല്‍ഹി ചെന്നൈയുടെ വിജയമെന്ന പ്രതീക്ഷകളെ തകിടം മറിച്ചത്. ഇന്ന് ഐഎസ്എല്‍ മത്സരങ്ങളില്‍ ആദ്യത്തേതിലാണ് ജയം കൈപ്പിടിയിലായെന്ന് കരുതി ആഘോഷിക്കുകയായിരുന്നു ചെന്നൈയിന്‍ ആരാധകരെ ഞെട്ടിച്ച് ഡല്‍ഹി ഡൈനാമോസിന്റെ സമനില ഗോള്‍ പിറന്നത്. മത്സരം 2-2 എന്ന സ്കോറിനു സമനിലയില്‍ അവസാനിക്കുകയായിരുന്നു.ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടിയിരുന്നു.

കളി തുടങ്ങി ആധിപത്യം ആതിഥേയര്‍ക്കായിരുന്നുവെങ്കിലും കളിയുടെ ഗതിയ്ക്കെതിരെ ആദ്യ ഗോള്‍ നേടിയത് ഡല്‍ഹിയായിരുന്നു. മനോഹരമായൊരു ഹെഡ്ഡര്‍ ഗോളാക്കി മാറ്റി ഡേവിഡ് ഡല്‍ഹിയെ 24ാം മിനുട്ടില്‍ മുന്നിലെത്തിച്ചു. പിന്നീട് മത്സരത്തില്‍ കാര്യപ്രസക്തമായ ഒന്നും സംഭവിച്ചില്ലെങ്കിലും 42ാം മിനുട്ടില്‍ ജെജെ ഗോള്‍ മടക്കി. പകുതിയുടെ അവസാനത്തോടെ രണ്ട് തുറന്ന അവസരങ്ങള്‍ ഡല്‍ഹിയ്ക്ക് ലഭിച്ചുവെങ്കിലും ചെന്നൈ അവസരത്തിനൊത്തുയര്‍ന്ന് അവസരങ്ങള്‍ നിഷ്പ്രഭമാക്കുകയായിരുന്നു. രണ്ടാം പകുതി 1-1 നു അവസാനിപ്പിച്ചാണ് ഇരു ടീമുകളും മടങ്ങിയത്.

രണ്ടാം പകുതി തുടങ്ങി ഏറെ വൈകാതെ ജെജെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. ഗോള്‍ വീണ ശേഷം ഡല്‍ഹി മത്സരത്തില്‍ പിന്നോക്കം പോകുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് ഗോള്‍ മടക്കുവാനുള്ള കാര്യമായ നീക്കങ്ങളൊന്നും തന്നെ ഡല്‍ഹിയുടെ ഭാഗത്ത് നിന്നുണ്ടായില്ല.

73ാം മിനുട്ടില്‍ പകരക്കാരനായി എത്തിയ ഗുയോണ്‍ ഫെര്‍ണാണ്ടസ് ആണ് ചെന്നൈ പ്രതീക്ഷകളെ ഇല്ലാതാക്കിയത്. മറ്റൊരു പകരക്കാരന്‍ കാലു ഉച്ചേയുടെ അസിസ്റ്റില്‍ നിന്ന് ഗോള്‍ നേടി ഗുയോണ്‍ ചെന്നൈയുടെ മൂന്ന് പോയിന്റ് എന്ന മോഹങ്ങളെയാണ് ഇല്ലാതാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial