ലക്ഷദ്വീപിന് മുന്നോട്ട് പോവാൻ അത്ഭുതങ്ങൾ സംഭവിക്കണമായിരുന്നുയിരുന്നു, പക്ഷെ ഈ ദിനം അതിനുള്ളതായിരുന്നതല്ല. മധ്യപ്രദേശിനെ മറികടന്ന് ഗ്രൂപ്പിലെ 3 മത്സരവും ജയിച്ച് മഹാരാഷ്ട്ര സന്തോഷ് ട്രോഫിയിലേക്ക് ടിക്കറ്റെടുത്തപ്പോൾ ദാമനെതിരെ ജയിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനായിരുന്നു ലക്ഷദ്വീപിന്റെ വിധി. മഹാരാഷ്ട്രക്കെതിരായ മത്സരത്തിന്റെ ക്ഷീണം മുഴുവനും മറികടക്കുന്ന പ്രകടനമായിരുന്നു ഇന്ന് ലക്ഷദ്വീപിന്റെ പിള്ളേർ പുറത്തെടുത്തത്.
മഹാരാഷ്ട്രക്കെതിരെ 5 ഗോൾ വഴങ്ങിയതിന് മറുപടിയെന്നോണം എതിരില്ലാത്ത 5 ഗോളുകളാണ് ദാമൻ വലയിൽ ദ്വീപുകാർ നിറച്ചത്. ലക്ഷദ്വീപിന്റെ മുന്നേറ്റത്തിൽ ഇത് വരെ ഗോൾ നേടാതിരുന്ന അമിനി സ്വദേശി നാസർ ഫോമിലേക്കുയർന്നപ്പോൾ ദാമനു മറുപടിയുണ്ടായിരുന്നില്ല. ഹാട്രിക്കിടിച്ച നാസറിന് പുറമെ ആദ്യകളിയിൽ മധ്യപ്രദേശിനെതിരെ ഹാട്രിക്ക് നേടിയ റഫീഖ് ടി.ഡിയും ഗോൾ കണ്ടെത്തി. ജാബിറിന്റെ വകയായിരുന്നു ലക്ഷദ്വീപിന്റെ മൂന്നാം ഗോൾ.
സന്തോഷ് ട്രോഫി യോഗ്യത നഷ്ടമായെങ്കിലും തല ഉയർത്തി പിടിച്ച് തന്നെയാണ് ദീപക് സാറിന്റെ കുട്ടികൾ അഹമ്മദാബാദ് വിടുക. ശക്തരായ മഹാരാഷ്ട്രക്ക് പകരം മറ്റൊരു ടീമായുരുന്നുവെങ്കിൽ കഥ മാറിയേനെ. ലക്ഷദ്വീപ് ഫുട്ബോളിനും പൊതുവെ സ്പോർട്സിന് തന്നെയും ഒരു പുതുവിപ്ളവത്തിന്റെ തുടക്കമായി വേണം ഈ പ്രകടനത്തെ വിലയിരുത്താൻ. ഫുട്ബോൾ അസോസിയേഷന്റെ പരിശ്രമങ്ങളും, കെ ലീഗ് അനുകരിച്ച് മറ്റ് ദ്വീപുകളിൽ നിന്നുണ്ടാവുന്ന ശ്രമങ്ങളും ശുഭസൂചനകളാണ്. കാത്തിരിക്കുക ഇന്ത്യൻ ഫുട്ബോൾ കാരണം ഇനിയും നിങ്ങൾ ആവർത്തിച്ചാവർത്തിച്ച് ലക്ഷദ്വീപ് എന്ന് കേൾക്കാൻ പോവുന്നതെയുള്ളു, നിങ്ങളുടെ അപരിചിതത്വം കളഞ്ഞ് തയ്യാറായിരിക്കുക, കാരണം ലക്ഷദ്വീപ് വന്നത് ചുമ്മാ പോകാനല്ല പുതിയ അത്ഭുതങ്ങളുടെ പ്രതിഭകളുടെ വിസ്മയങ്ങളുടെ വിത്തുമായാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial