ന്യൂസിലാണ്ടില്‍ രണ്ടാം മത്സരത്തിലും കൂറ്റന്‍ ജയം കരസ്ഥമാക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് 324 റണ്‍സ് നേടിയ സന്ദര്‍ശകര്‍ ആതിഥേയരെ 234 റണ്‍സിനു എറിഞ്ഞിട്ട് 90 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു ഘട്ടത്തിലും ന്യൂസിലാണ്ട് ബാറ്റ്സ്മാന്മാരെ നിലയുറപ്പിക്കുവാന്‍ അനുവദിക്കാതെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ പരമ്പരയില്‍ 2-0ന്റെ ലീഡ് നേടിയത്.
ഇരുപതുകളിലേക്കും മുപ്പതുകളിലേക്കും കടക്കുവാന്‍ ഒട്ടുമിക്ക ന്യൂസിലാണ്ട് താരങ്ങള്‍ക്കായെങ്കിലും അവര്‍ക്ക് അത് വലിയ സ്കോറിലേക്ക് മാറ്റുവാന്‍ സാധിച്ചിരുന്നില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ന്യൂസിലാണ്ടിനെ ശ്വാസം മുട്ടിച്ചതിനു പിന്നില്‍ കുല്‍ദീപ് യാദവ് ആയിരുന്നു പ്രധാനി. 4 വിക്കറ്റ് നേടിയ കുല്‍ദീപ് 10 ഓവറില്‍ നിന്ന് 45 റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്.
57 റണ്‍സ് നേടിയ ഡഗ് ബ്രേസ്‍വെല്‍ ന്യൂസിലാണ്ട് നിരയില്‍ ടോപ് സ്കോറര്‍ ആയി. ടോം ലാഥം(34), കോളിന്‍ മണ്‍റോ(31), ഹെന്‍റി നിക്കോളസ്(28), റോസ് ടെയിലര്‍(22), കെയിന്‍ വില്യംസണ്‍(20) എന്നിവരും തുടക്കം ലഭിച്ചുവെങ്കിലും അധിക നേരം ക്രീസില്‍ നിന്നില്ല. ഇന്ത്യയ്ക്കായി ചഹാലും ഭുവനേശ്വര്‍ കുമാറും രണ്ട് വീതം വിക്കറ്റും മുഹമ്മദ് ഷമി, കേധാര്‍ ജാഥവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.