18 പന്തിൽ 28 റൺസ് വേണ്ട ഘട്ടത്തിൽ നിന്ന് ഡല്‍ഹിയ്ക്ക് വിജയവും ഐപിഎലിലെ ഒന്നാം സ്ഥാനവും നേടിക്കൊടുത്ത് ഷിമ്രൺ ഹെറ്റ്മ്യര്‍. താരം നല്‍കിയ ക്യാച്ച് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി എത്തിയ കൃഷ്ണപ്പ ഗൗതം കൈവിട്ടതാണ് മത്സരം ചെന്നൈയ്ക്ക് നഷ്ടമാകുവാനുള്ളതില്‍ ഒരു കാരണമായത്.
ഹെറ്റ്മ്യര്‍ പുറത്താകാതെ 18 പന്തിൽ 28 റൺസ് നേടിയപ്പോള്‍ അവസാന ഓവറില്‍ ആണ് ഡല്‍ഹിയുടെ വിജയം സാധ്യമായത്. 7 വിക്കറ്റ് നഷ്ടത്തിൽ 2 പന്ത് അവശേഷിക്കെയാണ് ടീമിന്റെ വിജയം.
പൃഥ്വി ഷാ തന്റെ പതിവ് ശൈലിയിൽ തുടങ്ങി വേഗത്തിൽ പവലിയനിലേക്ക് മടങ്ങുകയായിരുന്നു. 12 പന്തിൽ 18 റൺസ് നേടിയ താരം പുറത്താകുമ്പോള്‍ ഡല്‍ഹി 24 റൺസാണ് നേടിയത്. അവിടെ നിന്ന് ശിഖര്‍ ധവാന്‍ ദീപക് ചഹാറിന്റെ ബൗളിംഗിനെ അതിര്‍ത്തി കടത്തി ഡല്‍ഹിയെ പവര്‍പ്ലേയിൽ മികച്ച സ്കോറിലേക്ക് എത്തിച്ചുവെങ്കിലും ശ്രേയസ്സ് അയ്യരെ പവര്‍പ്ലേയ്ക്കുള്ളിൽ ഡല്‍ഹിയ്ക്ക് നഷ്ടമായി.
27 റൺസ് കൂട്ടുകെട്ട് ശിഖറും ശ്രേയസ്സും ചേര്‍ന്ന് നേടിയപ്പോള്‍ അതിൽ ശ്രേയസ്സ് അയ്യരുടെ സംഭാവന വെറും 2 റൺസ് ആയിരുന്നു. 20 റൺസ് മൂന്നാം വിക്കറ്റിൽ നേടിയ ശേഷം ഋഷഭ് പന്തിനെയും(15) ഡല്‍ഹിയ്ക്ക് നഷ്ടമായപ്പോള്‍ ടീം 71/3 എന്ന നിലയിലേക്ക് വീണു.
ശിഖറിനൊപ്പം അരങ്ങേറ്റക്കാരന്‍ റിപൽ പട്ടേൽ 22 റൺസ് നാലാം വിക്കറ്റിൽ നേടിയപ്പോള്‍ ഈ കൂട്ടുകെട്ടിൽ കൂടുതൽ സ്കോറിംഗും റിപൽ ആണ് നേടിയത്. ഒരു വശത്ത് വിക്കറ്റുകള്‍ തുടരെ വീണത് ശിഖര്‍ ധവാന്റെ താളം തെറ്റിയ്ക്കുകയായിരുന്നു. രവിചന്ദ്രന്‍ അശ്വിനെയും ശിഖര്‍ ധവാനെയും ഒരേ ഓവറിൽ പുറത്താക്കി ശര്‍ദ്ധുൽ താക്കൂര്‍ മത്സരത്തിൽ ചെന്നൈയ്ക്ക് മേൽക്കൈ നല്‍കുകയായിരുന്നു. 93/3 എന്ന നിലയിൽ നിന്ന് 99/6 എന്ന നിലയിലേക്ക് ഡല്‍ഹി വീഴുന്ന കാഴ്ചയാണ് മധ്യ ഓവറുകളിൽ കണ്ടത്.
ശിഖര്‍ ധവാന്‍ 39 റൺസാണ് നേടിയത്. തന്റെ നാലോവറിൽ വെറും 13 റൺസ് മാത്രം വിട്ട് നല്‍കിയാണ് ശര്‍ദ്ധുൽ താക്കൂര്‍ 2 വിക്കറ്റ് നേടിയത്. മത്സരം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ 18 പന്തിൽ 28 റൺസായിരുന്നു ഡല്‍ഹി വിജയത്തിനായി നേടേണ്ടിയിരുന്നത്.
ഡ്വെയിന്‍ ബ്രാവോയുടെ ഓവറിൽ ഷിമ്രൺ ഹെറ്റ്മ്യര്‍ നല്‍കിയ അവസരം ലോംഗ് ഓണിൽ കൃഷ്ണപ്പ ഗൗതം കൈവിട്ടപ്പോള്‍ ആ പന്ത് ബൗണ്ടറി കൂടി പോയപ്പോള്‍ ഓവറിൽ നിന്ന് 12 റൺസ് പിറന്നു. ഇതോടെ ലക്ഷ്യം 12 പന്തിൽ 16 ആയി മാറി. 4 പന്തിൽ 2 റൺസ് ജയത്തിനായി വേണ്ടപ്പോള്‍ അക്സര്‍ പട്ടേലിനെ മോയിന്‍ അലിയുടെ കൈകളിലെത്തിച്ച് ബ്രാവോ മത്സരം വീണ്ടും ആവേശകരമാക്കി.
റബാഡ നാലാം പന്തിൽ ബൗണ്ടറി നേടിയപ്പോള്‍ ചെന്നൈയെ പിന്തള്ളി ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.