ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ ആധികാരിക പ്രകടനത്തോടെ ചെന്നൈ ബ്ലിറ്റ്‌സിനെ കീഴടക്കി കൊൽക്കത്ത തണ്ടർബോൾട്‌സ്. സ്‌കോർ: 15–11, 15–12, 15–13. ജിതിൻ എൻ ആണ് കളിയിലെ താരം.

പങ്കജ് ശർമയിലൂടെ കൊൽക്കത്ത മികച്ച തുടക്കം കുറിച്ചു. ചെന്നൈയ്‌ക്കായി ജെറോം വിനീത് മാന്ത്രിക പ്രകടനം തുടർന്നതോടെ കളി മുറുകി. മാർടിൻ ടക്കാവറിലൂടെ മിഡിൽ സോൺ ലക്ഷ്യമാക്കി ആക്രമണം നടത്തി. പരിചയസന്പത്തുള്ള കളിക്കാരുടെ കുറവ് ചെന്നൈയെ ബാധിക്കുകയായിരുന്നു.
അതിനിടെ ലിബെറോ ശ്രീകാന്തിന്റെ കളത്തിലെ മെയ്‌വഴക്കം ചെന്നൈ കാണികളെ ആവേശത്തിലാഴ്‌ത്തി. കളി ഒപ്പത്തിനൊപ്പമാക്കാൻ ശ്രീകാന്തിന് കഴിഞ്ഞു. പക്ഷേ, അശ്വൽ റായിയുടെ നിർണായക സമയത്തുള്ള സൂപ്പർ പോയിന്റ് കൊൽക്കത്തയെ മുന്നിലെത്തിച്ചു. ലൂയിസ് ഫിലിപ്പെ പെറോറ്റോയെ കിടിലൻ ബ്ലോക്കിലൂടെ തടയുകയായിരുന്നു.
പതിവിന് വിപരീതമായി ചെന്നൈ പ്രതിരോധത്തിന് ശോഭിക്കാനായില്ല. കൊൽക്കത്ത അനായാസം വിടവുകൾ കണ്ടെത്തി പോയിന്റ് നേടാൻ കഴിഞ്ഞു. ജെറോമിന്റെ ഒറ്റയാൾ പോരാട്ടമാണ് അവർക്ക് അൽപ്പമെങ്കിലും ഉൗർജം പകർന്നത്. കൊൽക്കത്ത പ്രതിരോധം ശക്തമായിരുന്നു. ചെന്നൈക്ക് കാര്യങ്ങൾ ഒട്ടും അനുകൂലമായില്ല.
മറുവശത്ത് എല്ലാ മേഖലയിലും കൊൽക്കത്ത തിളങ്ങി. സെറ്ററായി ജിതിനും ബ്ലോക്കറായി മുഹമ്മദ് ഇക്‌ബാലും മിന്നി. അശ്വലിന്റെ ഓൾ റൗണ്ട് പ്രകടനം കൂടിയായപ്പോൾ കളി പൂർണമായും കൊൽക്കത്തയുടെ കൈയിലായി. അവസാന നിമിഷമെത്തിയ സൂര്യാൻഷ് തോമർ നടത്തിയ വെടിക്കെട്ടോടെ സീസണിലെ രണ്ടാം ജയം കൊൽക്കത്ത സ്വന്തം പേരിലാക്കി.