കോഹ്‍ലി ഫുട്ബോള്‍ പരിശീലനം നടത്തുന്നത് അത് ഫിഫ ഫൈനലെന്ന തീവ്രതയിലാണ് – നാസ്സര്‍ ഹുസൈന്‍

Sports Correspondent

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി പ്രീ-മാച്ച് ഫുട്ബോള്‍ ഡ്രില്ലില്‍ ഏര്‍പ്പെടുന്നത് അത് ലോകകപ്പ് ഫൈനലാണെന്ന തരത്തിലാണെന്ന് അഭിപ്രായപ്പെട്ട് നാസ്സര്‍ ഹുസൈന്‍. തന്റെ വ്യായാമത്തിലും പരിശീലനത്തിലുമെല്ലാം അതീവ പ്രാധാന്യം കൊടുക്കുന്ന ഒരു താരമാണ് വിരാട് കോഹ്‍ലി. കോഹ്‍ലിയുടെ വിജയത്തിനായുള്ള അര്‍പ്പണ ബോധത്തെയും പരിശീലനത്തിനുള്ള പ്രാധാന്യത്തെയും സൂചിപ്പിക്കുവാനായാണ് നാസ്സര്‍ ഹുസൈന്‍ ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞത്.

ഒരു ഫിഫ ലോകകപ്പ് ഫൈനലെന്ന പോലെയാണ് പരിശീലനത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോഹ്‍ലിയെന്ന് പറഞ്ഞ നാസ്സര്‍ ഹുസൈന്‍ ക്രിക്കറ്റ് കളത്തിലും കോഹ്‍ലി ഇതേ ആവേശം നടപ്പിലാക്കാറുണ്ടെന്ന് വ്യക്തമാക്കി. ഇതാണ് കോഹ്‍ലി ചേസിംഗില്‍ മികച്ചതാവാന്‍ കാരണമെന്ന് നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി. വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാത്ത താരമാണ് കോഹ്‍ലിയെന്നും ഏത് സാഹചര്യത്തിലും അതിനായി കോഹ്‍ലി പൊരുതുമെന്നും നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി.