വെടിക്കെട്ടുമായി കോഹ്‍ലി, മികവ് പുലര്‍ത്തി രാഹുലും ധോണിയും

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മികവാര്‍ന്ന പ്രകടനവുമായി ഇന്ത്യ. നായകന്‍ വിരാട് കോഹ്‍ലിയുടെ അര്‍ദ്ധ ശതകത്തിനൊപ്പം 47 റണ്‍സുമായി ലോകേഷ് രാഹുലും 40 റണ്‍സ് നേടി എംഎസ് ധോണിയും ബാറ്റിംഗില്‍ മികവ് തെളിയിച്ചപ്പോള്‍ 20 ഓവറില്‍ നിന്ന് ഇന്ത്യ 190/4 എന്ന സ്കോറാണ്  നേടിയത്.

ഇന്നിംഗ്സിന്റെ 15ാം ഓവറില്‍ നഥാന്‍ കോള്‍ട്ടര്‍-നൈലിനെ മൂന്ന് സിക്സറുകള്‍ക്ക് തുടര്‍ച്ചയായി പറത്തിയ കോഹ്‍ലി 29 പന്തില്‍ നിന്ന് തന്റെ 50 റണ്‍സ് പൂര്‍ത്തിയാക്കുകയായിരുന്നു. 18ാം ഓവറില്‍ ഡാര്‍സി ഷോര്‍ട്ടിനെ ഒരു സിക്സിനും ഫോറിനും പറത്തി ധോണിയും വിരാടിനൊപ്പം ചേര്‍ന്നപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 150 കടന്നു.

ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ കോഹ്‍ലി 38 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയപ്പോള്‍ ധോണി നേടിയത് 40 റണ്‍സായിരുന്നു. 23 പന്ത് നേരിട്ട ധോണി അവസാന ഓവറിലെ ആദ്യ പന്തില്‍ പാറ്റ് കമ്മിന്‍സിനു വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 3 വീതം സിക്സും ഫോറും നേടുകയായിരുന്നു. 26 പന്തില്‍ നിന്ന് 47 റണ്‍സ് നേടി കെഎല്‍ രാഹുല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികവ് പുലര്‍ത്തിയെങ്കിലും വിശാഖപട്ടണത്തേതിലെ പോലെ അര്‍ദ്ധ ശതകം നേടുവാന്‍ താരത്തിനായില്ല.