തന്നെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ നിരാശ പങ്കുവഹിച്ച് വിരാട് കോഹ്ലി. താൻ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യൻ ക്യാപ്റ്റൻ ആയി തുടരാൻ ആഗ്രഹിച്ചിരുന്നു എന്നു കോഹ്ലി വ്യക്തമാക്കി. തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കും എന്ന് തന്നോട് മുമ്പ് പറഞ്ഞിരുന്നില്ല എന്നും കോഹ്ലി പറഞ്ഞു.
“ടി20 നായകസ്ഥാനം ഉപേക്ഷിക്കണമെന്ന് ബിസിസിഐയോട് പറഞ്ഞപ്പോൾ അത് അവർ നല്ല രീതിയിൽ ആയിരുന്നു സ്വീകരിച്ചത്. പുരോഗമനപരമായ ഒരു ചുവടുവയ്പാണെന്നാണ് അന്ന് ആ തീരുമാനത്തെ കുറിച്ച് ബി സി സി ഐ എന്നോട് പറഞ്ഞത്. ഏകദിനത്തിലും ടെസ്റ്റിലും നയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ അന്ന് അറിയിച്ചിരുന്നു.” കോഹ്ലി പറഞ്ഞു.
“ടെസ്‌റ്റിലേക്കുള്ള ടീം തിരഞ്ഞെടുപ്പിന് ഒന്നര മണിക്കൂർ മുമ്പ് മാത്രമാണ് എന്നെ ചീഫ് സെലക്ടർ ബന്ധപ്പെട്ടത്. എന്നോട് ടെസ്റ്റ് ചർച്ച ചെയ്തു. കോൾ അവസാനിക്കുന്നതിന് മുമ്പ്, അഞ്ച് സെലക്ടർമാർ ഞാൻ ഇനി ഏകദിന ക്യാപ്റ്റനായിരിക്കില്ലെന്ന് തീരുമാനിച്ചതായി എന്നോട് പറഞ്ഞു. ഇതിനെക്കുറിച്ച് ഒരു മുൻകൂർ ആശയവിനിമയം ഒന്നും ഉണ്ടായിരുന്നില്ല.” കോഹ്ലി പറഞ്ഞു.