ഇന്നത്തെ കാലത്തെ ഏറ്റവും മികച്ച താരങ്ങളായാണ് ക്രിക്കറ്റ് സമൂഹം ഈ നാല് പേരെ വാഴ്ത്തുന്നത്. ന്യൂസിലാണ്ടിന്റെ കെയിന്‍ വില്യംസണ്‍, ഇന്ത്യയുടെ വിരാട് കോഹ്‍ലി, ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് എന്നിവരെ ക്രിക്കറ്റ് ലോകം വിളിക്കുന്നത് നവയുഗ ഫാബ് ഫോര്‍ എന്നാണ്. അതില്‍ തന്നെ ആരാണ് മികച്ചതെന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയാണ് ഈ നാല്‍വര്‍ സംഘത്തില്‍ ഏറ്റവും മികച്ചതെന്നാണ് മുന്‍ ഇംഗ്ലണ്ട് വിവാദ നായകന്‍ കെവിന്‍ പീറ്റേഴ്സണ്‍ പറയുന്നത്. അതില്‍ അധികം ചിന്തിക്കാനില്ലെന്നും ഏത് പാതിരാത്രി ചോദിച്ചാലും തന്റെ ഉത്തരം കോഹ്‍ലിയാണെന്ന് കെവിന്‍ പറഞ്ഞു. മറ്റുള്ള താരങ്ങളെക്കാള്‍ മൂന്ന് ഫോര്‍മാറ്റിലും ബഹുദൂരം മുന്നിലാണ് വിരാട് എന്നും പീറ്റേഴ്സണ്‍ പറഞ്ഞു.
നേരത്തെ സച്ചിന്റെ നൂറ് ശതകങ്ങളുടെ റെക്കോര്‍ഡ് തകര്‍ക്കുവാന്‍ സാധിക്കുമെങ്കില്‍ അത് വിരാട് കോഹ്‍ലിയ്ക്കാണെന്ന് കെവിന്‍ പീറ്റേഴ്സണ്‍ അഭിപ്രായപ്പെട്ടിരുന്നു. ടൈംസ് നവ് എന്ന മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് കോഹ്‍ലിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പീറ്റേഴ്സണ്‍ പങ്കുവെച്ചത്.
ലോക്ക്ഡൗണ്‍ കാരണം ക്രിക്കറ്റ് രംഗം നിശ്ചലമായ സാഹചര്യത്തില്‍ താരങ്ങളും കമന്റേറ്റര്‍മാരുമെല്ലാം ഇത്തരം ഓണ്‍ലൈന്‍ അഭിമുഖങ്ങളില്‍ സജീവമാകുകയാണ് ഇപ്പോള്‍.