ഓവലിലെ ശതകത്തിനു ശേഷം അലിസ്റ്റര്‍ കുക്കിനോട് റിട്ടയര്‍മെന്റ് തീരുമാനം പുനഃപരിശോധിച്ചൂടെയെന്ന് താന്‍ ആരാഞ്ഞിരിന്നുവെന്ന് വിരാട് കോഹ്‍ലി. സൗത്താംപ്ടണില്‍ വിജയം കുറിച്ച് പരമ്പര സ്വന്തമാക്കിയ ശേഷമായിരുന്നു അലിസ്റ്റര്‍ കുക്കിന്റെ വിരമിക്കല്‍ തീരുമാനം. ഓവലില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റോടെ താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് കുക്ക് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. പരമ്പരയില്‍ മോശം ഫോമിലായിരുന്ന കുക്കിന്റെ തീരുമാനത്തെ ഈ ഫോമും സ്വാധീനിച്ചിട്ടുണ്ടെന്ന് തീര്‍ച്ച.
എന്നാല്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച ശേഷം മറ്റൊരു കുക്കിനെയാണ് ഏവരും കണ്ടത്. ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകവും രണ്ടാം ഇന്നിംഗ്സില്‍ ശതകവും നേടിയാണ് കുക്ക് തന്റെ വിരമിക്കല്‍ ആഘോഷമാക്കിയത്. അത് വരെ 7 ഇന്നിംഗ്സുകളില്‍ നിന്ന് 109 റണ്‍സ് മാത്രം നേടിയ കുക്കിന്റെ ടോപ് സ്കോര്‍ 29 റണ്‍സായിരുന്നു.
തന്റെ ടാങ്കില്‍ ഇനി ഇന്ധനമില്ലെന്നും അതിനാല്‍ താന്‍ ഓവലിനു ശേഷം വിടവാങ്ങുകയാണെന്നാണ് സൗത്താംപ്ടണില്‍ കുക്ക് വെളിപ്പെടുത്തിയത്. എന്നാല്‍ ടാങ്ക് വീണ്ടും നിറച്ച കുക്ക് ആദ്യ ഇന്നിംഗ്സില്‍ 71 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 147 റണ്‍സും നേടി മത്സരത്തില്‍ നിന്ന് മാത്രം 218 റണ്‍സ് നേടുകയായിരുന്നു.
കുക്ക് പുറത്തായി മടങ്ങുന്നതിനിടെ ഗ്രൗണ്ടില്‍ വെച്ച് താന്‍ താരത്തോട് തീരൂമാനം പുനഃപരിശോധിച്ചൂടെ എന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് കോഹ്‍ലി പറഞ്ഞു. 1-4 എന്ന രീതിയില്‍ ഇന്ത്യ പരമ്പര പരാജയപ്പെട്ട ശേഷം പത്ര സമ്മേളനത്തിലാണ് കോഹ്‍ലി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഒരിക്കലുമില്ലെന്നായിരുന്നു കുക്കിന്റെ മറുപടി.