ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 204 റൺസ് നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്കായി ബാറ്റിംഗിനറങ്ങിയവരിൽ മിക്കവരും അതിവേഗത്തിൽ സ്കോര്‍ നേടിയെങ്കിലും അത് വലിയ സ്കോറാക്കി മാറ്റുവാന്‍ സാധിക്കാതെ പോയത് 220ന് മേലെയുള്ള സ്കോറിലേക്ക് എത്തുവാന്‍ കഴിഞ്ഞില്ല. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ കൊൽക്കത്ത നേടിയത്.
റഹ്മാനുള്ള ഗുര്‍ബാസും സുനിൽ നരൈനും മികച്ച തുടക്കമാണ് കൊൽക്കത്തയ്ക്ക് നൽകിയത്. 12 പന്തിൽ 26 റൺസ് നേടിയ ഗുര്‍ബാസിനെ കൊൽക്കത്തയ്ക്ക് നഷ്ടമാകുമ്പോള്‍ ടീം 3 ഓവറിൽ 48 റൺസാണ് നേടിയത്.
പകരമെത്തിയ അജിങ്ക്യ രഹാനെയും സുനിൽ നരൈനും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 79 റൺസാണ് കൊൽക്കത്ത ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്. പവര്‍പ്ലേയ്ക്ക് ശേഷം സുനിൽ നരൈനെ ടീമിന് നഷ്ടമാകുമ്പോള്‍ കൊൽക്കത്തയുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 37 റൺസാണ് നേടിയത്. ഗുര്‍ബാസിനെ സ്റ്റാര്‍ക്കും നരൈനെ വിപ്‍രാജ് നിഗമും ആണ് പുറത്താക്കിയത്. 16 പന്തിൽ 27 റൺസാണ് നരൈന്‍ നേടിയത്.
അജിങ്ക്യ രഹാനെയെയും വെങ്കടേഷ് അയ്യരെയും തന്റെ അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി അക്സര്‍ പട്ടേൽ ഡൽഹിയ്ക്ക് തിരിച്ചുവരവിന് അവസരമൊരുക്കി. രഹാനെ 14 പന്തിൽ 26 റൺസ് നേടിയപ്പോള്‍ വെങ്കടേഷ് അയ്യര്‍ 7 റൺസ് നേടി പുറത്തായി.
അംഗ്കൃഷ് രഘുവൻഷി 32 പന്തിൽ 44 റൺസ് നേടി കൊൽക്കത്തയെ മുന്നോട്ട് നയിച്ചപ്പോള്‍ റിങ്കു സിംഗും മികച്ച രീതിയിൽ കൊൽക്കത്തയ്ക്കായി ബാറ്റ് വീശി. റിങ്കു 25 പന്തിൽ 36 റൺസ് നേടി. 61 റൺസാണ് രഘുവന്‍ഷിയും റിങ്കുവും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയത്. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി.
ആന്‍ഡ്രേ റസ്സൽ 9 പന്തിൽ 17 റൺസ് നേടിയപ്പോള്‍ കൊൽക്കത്ത 200 കടക്കുകയായിരുന്നു. എന്നാൽ 220ന് മേലെയുള്ള സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്ന കൊൽക്കത്തയെ 204 റൺസിലൊതുക്കുവാന്‍ സാധിച്ചത് ഡൽഹിയ്ക്ക് ആശ്വാസമാകും. ഡൽഹിയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക് മൂന്നും വിപ്‍രാജ് നിഗം അക്സര്‍ പട്ടേൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.