ഡല്‍ഹി ക്യാപിറ്റൽസ് നൽകിയ 136 റൺസ് വിജയ ലക്ഷ്യത്തെ അനായാസം മറികടക്കുമെന്ന നിലയിൽ നിന്ന് 17 റൺസ് നേടുന്നതിനിടെ 6 വിക്കറ്റ് കൈവിട്ട് സ്വന്തം കുഴിതോണ്ടിയ ശേഷം രാഹുല്‍ ത്രിപാഠി നേടിയ സിക്സിന്റെ ബലത്തിൽ ഫൈനലില്‍ കടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഷാര്‍ജ്ജയിലെ ബാറ്റിംഗ് പ്രയാസകരമായ വിക്കറ്റിൽ 19.5 ഓവറിലാണ് കൊല്‍ക്കത്തയുടെ 3 വിക്കറ്റ് വിജയം.
ഓപ്പണര്‍മാര്‍ അനായാസം റൺസ് കണ്ടെത്തിയപ്പോള്‍ 10 ഓവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 76 റൺസാണ് കൊല്‍ക്കത്ത നേടിയത്. 38 പന്തിൽ വെങ്കിടേഷ് അയ്യര്‍ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ ശുഭ്മന്‍ ഗിൽ മറുവശത്ത് സ്ട്രൈക്ക് കൃത്യമായി റൊട്ടേറ്റ് ചെയ്ത് മത്സരത്തിൽ ഡല്‍ഹി ബൗളര്‍മാര്‍ക്ക് യാതൊരു അവസരവും നല്‍കാതെ മുന്നോട്ട് നയിക്കുകയായിരുന്നു.
96 റൺസാണ് കൊല്‍ക്കത്ത ഓപ്പണര്‍മാര്‍ നേടിയത്. 55 റൺസ് നേടിയ വെങ്കടേഷ് അയ്യരെ റബാഡ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. നിതീഷ് റാണയെ(13) അടുത്തതായി കൊല്‍ക്കത്തയ്ക്ക് നഷ്ടമായെങ്കിലും താരവും ഗില്ലും ചേര്‍ന്ന് 27 റൺസ് രണ്ടാം വിക്കറ്റിൽ നേടിയപ്പോള്‍ കൊല്‍ക്കത്ത ലക്ഷ്യത്തിന് 13 റൺസ് അകലെ എത്തിയിരുന്നു.
46 റൺസ് നേടിയ ഗില്ലിനെ അവേശ് ഖാന്‍ പുറത്താക്കിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് ലക്ഷ്യം വെറും 11 റൺസ് അകലെയായിരുന്നു. അവേശ് ഖാന്‍ എറിഞ്ഞ ഓവറിൽ വെറും 2 റൺസാണ് പിറന്നത്. നേരത്തെ അവേശ് ഖാന്റെ മുമ്പത്തെ ഓവറിൽ നിതീഷ് റാണ നല്‍കിയ അവസരം രവിചന്ദ്രന്‍ അശ്വിന്‍ കൈവിടുകയായിരുന്നു.
18ാം ഓവറിൽ വെറും ഒരു റൺസ് മാത്രം വിട്ട് നല്‍കി കാഗിസോ റബാഡ ദിനേശ് കാര്‍ത്തിക്കിനെ പുറത്താക്കിയതോടെ കൊല്‍ക്കത്ത 126/4 എന്ന നിലയിലേക്ക് വീണു. ഒരു ഘട്ടത്തിൽ 123/1 എന്ന നിലയിൽ നിന്നാണ് കൊല്‍ക്കത്ത ക്യാമ്പിൽ പരിഭ്രാന്തി പരത്തിയ പ്രകടനം ബാറ്റ്സ്മാന്മാരിൽ നിന്ന് വന്നത്.
അടുത്ത ഓവറിൽ ആന്‍റിക് നോര്‍ക്കിയ 3 റൺസ് മാത്രം വിട്ട് നല്‍കി ഓയിന്‍ മോര്‍ഗന്റെ വിക്കറ്റ് നേടിയപ്പോള്‍ അവസാന ഓവറിൽ ലക്ഷ്യം 7 റൺസായി മാറി. അടുത്ത ഓവറിൽ ആദ്യ മൂന്ന് പന്തിൽ ഒരു റൺസ് നേടിയ കൊല്‍ക്കത്തയ്ക്ക് ഷാക്കിബിനെയും നഷ്ടമായതോടെ ലക്ഷ്യം മൂന്ന് പന്തിൽ ആറായി മാറി. അടുത്ത പന്തിൽ സുനിൽ നരൈനും പുറത്തായതോടെ ഡല്‍ഹിയ്ക്കനുകൂലമായി മത്സരം തിരിഞ്ഞു. എന്നാൽ അടുത്ത പന്തിൽ സിക്സര്‍ നേടി രാഹുല്‍ ത്രിപാഠി മത്സരം അവസാനിപ്പിച്ചു.
ഡല്‍ഹിയുടെ ബൗളര്‍മാര്‍ അവസാന ഓവറുകളിൽ അവിസ്മരണീയ തിരിച്ചുവരവ് നടത്തിയപ്പോള്‍ ആന്‍റിക് നോര്‍ക്കിയ, രവിചന്ദ്രന്‍ അശ്വിന്‍, കാഗിസോ റബാഡ എന്നിവര്‍ 2 വിക്കറ്റ് വീതം നേടുകയായിരുന്നു.
അവസാന ഓവറിലെ സിക്സ് പിറക്കുന്നതിന് മുമ്പ് 17 റൺസ് വിട്ട് നല്‍കുന്നതിനിടെ 6 വിക്കറ്റാണ് ഡല്‍ഹി ബൗളര്‍മാര്‍ നേടിയത്.