ആരും പ്രതീക്ഷിക്കാത്ത ഒരു നീക്കമാണ് ബാഴ്സലോണ ട്രാൻസ്ഫർ വിൻഡോയിൽ നടത്തുന്നത്. ഘാന അറ്റാക്കിംഗ് മിഡ്ഫീൽഡർ കെവിൻ പ്രിൻസ് ബോട്ടങ്ങിനെ കാറ്റലോണിയയിൽ എത്തിക്കാൻ ഉള്ള ബാഴ്സലോണ ശ്രമങ്ങൾ അവസാന ഘട്ടത്തിൽ ആണെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ സസുവോളയുടെ താരമാണ് ബോട്ടങ്ങ്.
ജർമ്മൻ ഇന്റർനാഷണൽ ജെറോം ബോട്ടങ്ങിന്റെ സഹോദരനാണ് കെവിൻ പ്രിൻസ്. മുമ്പ് എ സി മിലാൻ, ടോട്ടൻഹാം, ഡോർട്മുണ്ട് തുടങ്ങിയ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. താരം അത്ര മികച്ച ഫോമിലോ ബാഴ്സലോണയുടെ മറ്റു താരങ്ങളുടെ അത്ര മികച്ചതോ അല്ല എന്നതിനാൽ ബാഴ്സയുടെ ഈ ട്രാൻസ്ഫർ നീക്കത്തിൽ പലരും അത്ഭുതം പ്രകടിപ്പിച്ചിരിക്കുകയാണ്. മുനീർ ക്ലബ് വിട്ടതിനാൽ ഒരു ബാക്ക് അപ്പായി ആകും കെവിൻ പ്രിൻസിനെ ബാഴ്സലോണ നോക്കുന്നത്. ജെർമ്മൻ ദേശീയ യുവ ടീമുകളെ പ്രതിനിധീകരിച്ച കെവിൻ പ്രിൻസ് സീനിയർ ആയപ്പോൾ ഘാനയ്ക്ക് വേണ്ടിയാണ് ദേശീയ ഫുട്ബോൾ കളിച്ചത്.