ഐ എസ് എലിൽ ഒരിക്കൽ കൂടെ ബെംഗളൂരു എഫ് സിക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ചിരവൈരികളെ ആദ്യമായി ഒന്ന് തോൽപ്പിക്കാം എന്ന പ്രതീക്ഷയിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഡിഫൻസിലെ ഒരു പിഴവാണ് കേരള ബ്ലാസ്റ്റേഴ്സിന് വിനയായത്.
ബെംഗളൂരു എഫ് സിയുടെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം നടന്നത് എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ആണ് മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഒഗ്ബെചെയ്ക്കും മെസ്സിക്കും മികച്ച അവസരങ്ങളിം ലഭിച്ചിരുന്നു. പക്ഷെ രണ്ടും ലക്ഷ്യത്തിൽ എത്തിയില്ല.
രണ്ടാം പകുതിയിൽ ഇരു കോർണറിൽ നിന്നായിരുന്നു ബെംഗളൂരു എഫ് സിയുടെ ഗോൾ. കോർണറിൽ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിയെ മാർക്ക് ചെയ്യാത്തത് ബ്ലാസ്റ്റേഴ്സിന്റെ അതുവരെയുള്ള എല്ലാ നല്ല പ്രകടനവും ഇല്ലാതെയാക്കി. ഛേത്രി ഒരു മികച്ച ഹെഡറിലൂടെ ബെംഗളൂരു എഫ് സിക്ക് വേണ്ടി വലകുലുക്കി. അതിനു ശേഷം ആഞ്ഞു ശ്രമിച്ചു എങ്കിലും ബ്ലാസ്റ്റേഴ്സിന് മറുപടി ഗോൾ കണ്ടെത്താൻ ആയില്ല.
അവസാന നിമിഷം മെസ്സിയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കി എങ്കിലും പാസ് നൽകിയ രാഹുൽ ഓഫ് സൈഡ് ആണെന്ന് റഫറിൽ വിളിച്ചു. പക്ഷെ റീപ്ലേയിൽ രാഹുൽ ഓഫ്സൈഡ് അല്ലെന്ന് വ്യക്തമായിരുന്നു. അതും കേരള ബ്ലാസ്റ്റേഴ്സ് തോൽക്കാൻ കാരണമായി.
ഈ പരാജയത്തോടെ അഞ്ചു മത്സരങ്ങളിൽ നിന്ന് 4 പോയന്റുമായി ഏഴാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. 9 പോയന്റുമായി ബെംഗളൂരു എഫ് സി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.