5 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരികെ എത്തുന്ന കേരള വനിതാ ഫുട്ബോൾ ലീഗിൽ കളിക്കാൻ സാധ്യത ഉള്ള ടീമുകൾ വ്യക്തമാകുന്നു. കേരളത്തിലെ ഏറ്റവും വലിയ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് കേരള വനിതാ ഫുട്ബോൾ ലീഗിന്റെ ഭാഗമാകും. കേരള ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീമിന്റെ അരങ്ങേറ്റം ആകും ഇത്. വനിതാ ടീം രൂപീകരിക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സ് അടുത്തിടെ പറഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ 8 ടീമുകൾ ലീഗിന്റെ ഭാഗമാകും. ലൂക സോകർ ക്ലബും ഈ ലീഗിലൂടെ തങ്ങളുടെ വനിതാ ടീമിന്റെ അരങ്ങേറ്റം നടത്തും.
നവംബറിൽ തന്നെ ടൂർണമെന്റ് നടത്താൻ ആണ് കെ എഫ് എ ശ്രമിക്കുന്നത്. ജനുവരി അവസാനത്തോടെ ലീഗ് തീർക്കും. ഒറ്റ ലെഗ് ഉള്ള മത്സരങ്ങൾ ആകും നടക്കുക. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളെ ടൂർണമെന്റിന് ആതിഥ്യം വഹിക്കാൻ പരിഗണിക്കുന്നുണ്ട്. കേരളത്തിന്റെ അഭിമാനമായ ഗോകുലം ലീഗിന്റെ ഭാഗമായുണ്ടാകും. ഇപ്പോൾ ഇന്ത്യൻ ചാമ്പ്യന്മാരാണ് ഗോകുലം കേരള വനിതകൾ.
നേരത്തെ 2014-15 സീസണിലും 2015-16 സീസണിലും വനിതാ പ്രീമിയർ ലീഗ് നടന്നിരുന്നു. ഒരു തവണ വയനാട് WFCയും ഒരു തവണ മാർത്തോമ കോളേജും കിരീടം നേടി. അവസാനം ലീഗ് നടന്നപ്പോൾ ആകെ നാലു ടീമുകൾ മാത്രമെ പങ്കെടുത്തിരുന്നുള്ളൂ. ഈ വരുന്ന ലീഗ് ചാമ്പ്യന്മാരാകും കേരളത്തെ പ്രതിനിധാനം ചെയ്ത് ഇന്ത്യൻ വനിതാ ലീഗിൽ കളിക്കുക