കേരള ടെന്നീസ് പ്രതീക്ഷിക്കുന്നു, ഒരു മായൻ മാജിക്

shabeerahamed

Download the Fanport app now!
Appstore Badge
Google Play Badge 1

ഈയ്യിടെ തലസ്ഥാനത്തു നടന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ ചെന്ന കളിക്കാർ തമ്മിൽ ഒരു തർക്കം നടന്നു. ഏത് ജില്ലയിലെ ടെന്നീസ് അസ്സോസിയേഷനിലാണ് ഏറ്റവും കൂടുതൽ പടലപ്പിണക്കങ്ങൾ എന്നതായിരുന്നു വിഷയം. എല്ലാ ജില്ലക്കാരും അവരവരുടെ ജില്ലാ അസ്സോസിയേഷനുകളിലാണ് വഴക്ക് കൂടുതൽ എന്ന് വാദിച്ചാണ് തർക്കത്തിൽ ഏർപ്പെട്ടത്! ഇതാണ് ഇപ്പോഴത്തെ സ്ഥിതി. ഒരു കോർട്ട് പോലും സ്വന്തമായി ഇല്ലാതെ, ഒരു ഓഫീസ് കെട്ടിടം പോലും ഇല്ലാതെ, കളിക്കാരുടെ വിവരങ്ങൾ പോലും റെജിസ്റ്റർ ചെയ്തു സൂക്ഷിക്കാൻ സാധിക്കാത്ത അസ്സോസിയേഷനിലിരുന്നാണ് ഈ അടിപിടി കൂടുന്നത് എന്നതാണ് രസകരം.

കേരള ടെന്നീസിൽ ഒരു മാറ്റത്തിന്റെ സമയമാണ്. കേരള ടെന്നീസ് അസ്സോസിയേഷന് പുതിയ ഭാരവാഹികളായി, പല ജില്ലാ അസ്സോസിയേഷനുകൾക്കും പുതിയ ഭാരവാഹികളായി. ശ്രീ പി.കെ.മായൻ പ്രസിഡന്റായും, ശ്രീ ജോണ് ജോർജ്ജ് നെച്ചുപ്പാടത്ത് സെക്രട്ടറിയായും പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. കാലാകാലങ്ങളായി നടക്കുന്ന ഈ മാറ്റങ്ങൾ പുതുതായി കേരളത്തിലെ ടെന്നീസിലേക്ക് എന്ത് കൊണ്ട് വരും എന്നാണ് കളിക്കാർ ഉറ്റു നോക്കുന്നത്. മാറ്റം സംഭവിക്കുന്നില്ല എന്ന പരാതിക്ക്, തലമാറ്റം കാട്ടി കൊടുക്കുന്ന സ്ഥിരം നടപടിയാകില്ല ഇത്തവണ എന്നു വിശ്വസിക്കാനാണ് അവർക്ക് താൽപ്പര്യം.

ഒരു കളിയെ ഉയർത്തി കൊണ്ടു വരണമെങ്കിൽ ആദ്യം ചെയ്യേണ്ടത് അത് ജനകീയമാക്കുകയാണ്. ഇന്നും സ്വകാര്യ ക്ലബ്ബ്കളിലും, വരേണ്യ വർഗ്ഗത്തിനും മാത്രം പ്രാപ്ര്യമായ കേരളത്തിലെ ടെന്നീസിന് അങ്ങനെ ഒരു സാധ്യതയും നിലവിൽ കാണുന്നില്ല. പണ്ട് തുടങ്ങി വച്ച കുറെ ടെന്നീസ് കൂട്ടായ്‌മകൾ ഇപ്പോൾ വാട്സാപ്പിൽ ഗ്രാൻഡ്സ്ലാം ചർച്ചകളുമായി നടക്കുന്നു എന്നതിൽ കവിഞ്ഞു ഒരു പുരോഗമനവും ഈ കളിക്കില്ല. അസ്സോസിയേഷനുകൾ ചെയ്യുന്നതിനേക്കാൾ കൂടുതലായി ടെന്നീസിനെ സ്നേഹിക്കുന്ന പല സ്വകാര്യ വ്യക്തികളും ഈ കളിക്ക് വേണ്ടി ചെയ്യുന്നുണ്ട്.

കളിയെ ജനകീയവൽക്കരിക്കുന്നതിന് ആദ്യ പടിയായി വേണ്ടത് കൂടുതൽ കളിക്കളങ്ങളാണ്. അതിന് കഴിയില്ലെങ്കിൽ പിന്നെ ടെന്നീസ് അസ്സോസിയേഷൻ എന്തിനാണ്, ടൂർണമെന്റ് നടത്താനോ? അതിന് ഒരു ഇവന്റ് മാനേജ്മന്റിന്റ് കമ്പനി മതി സർ, അസ്സോസിയേഷൻ ഒന്നും വേണ്ട. സ്ഥലപരിമിതി ചൂണ്ടി കാട്ടി ഇതിന് മറുപടി പറയരുത്. സ്വന്തമായി സ്ഥലം വാങ്ങി ടെന്നീസ് കോർട്ട് പണിത്, ആ കളിക്കളം വീണ്ടും സാധാരണ ജനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത വിധം അംഗത്വ ഫീസ് ഏർപ്പാടാക്കുകയല്ല വേണ്ടത്. അസ്സോസിയേഷൻ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുക, കളിക്കളങ്ങൾക്ക് അനുയോജ്യമായ നൂറ് കണക്കിന് ഗ്രൗണ്ടുകൾ നമുക്ക് ചുറ്റുമുണ്ട്. കേരളത്തിലെ ഒട്ടുമിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കളിക്കളങ്ങൾക്കായി മാറ്റി വച്ച മൈതാനങ്ങളുണ്ട്, സംസ്ഥാനത്തെ മിക്കവാറും എല്ലാ സർക്കാർ സ്‌കൂളുകളിലും കളിക്കളങ്ങളുണ്ട്, ഇതെല്ലാം ഉപയോഗപ്പെടുത്തണം. ഒരു പദ്ധതിയുമായി ചെന്നാൽ അവരാരും എതിർത്തു പറയില്ല. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുടെ CSR ഫണ്ടുകൾ ഇതിനായി തരപ്പെടുത്താൻ ടെന്നീസ് അസ്സോസിയേഷൻ മുന്നിട്ട് ഇറങ്ങണം, ശ്രീ മായനും കൂട്ടർക്കും ഇത് സാധിക്കും. കളിക്കളം ഇല്ലാതെ കളിക്കാരുണ്ടാവില്ല സർ, കളിക്കാരില്ലാതെ കളിയും.