സീനിയർ വനിതാ ഏകദിനം, കേരളത്തെ തോല്പിച്ച് മുംബൈ

Newsroom

kerala women
Download the Fanport app now!
Appstore Badge
Google Play Badge 1

അഹമ്മദാബാദ്: ദേശീയ സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് മുംബൈയോട് തോൽവി. 75 റൺസിനായിരുന്നു മുംബൈയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 286 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരള വനിതകൾ 46 -ാം ഓവറിൽ 211 റൺസിന് ഓൾ ഔട്ടായി.

ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് അർദ്ധസെഞ്ച്വറികൾ നേടിയ റിയ ചൌധരിയുടെയും സിമ്രാൻ ഷെയ്ഖിൻ്റെയും ഇന്നിങ്സുകളാണ് മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ നേടിയ 93 റൺസാണ് മുംബൈയ്ക്ക് കരുത്തായത്. റിയ ചൌധരി 84 പന്തിൽ 76 റൺസും സിമ്രാൻ ഷെയ്ഖ് 61 പന്തിൽ 55 റൺസും നേടി. ഖുഷി 30ഉം വൃഷാലി ഭഗത് 28ഉം റൺസ് നേടി. അവസാന ഓവറുകളിൽ 17 പന്തിൽ നിന്ന് 27 റൺസുമായി പുറത്താകാതെ നിന്ന ദക്ഷിണിയും മുംബൈ ബാറ്റിങ് നിരയിൽ തിളങ്ങി. കേരളത്തിന് വേണ്ടി സജനയും ഷാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് മുൻ നിര ബാറ്റിങ് പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയതാണ് തിരിച്ചടിയായത്. 48 റൺസെടുക്കുന്നതിനിടെ തന്നെ കേരളത്തിന് നാല് വിക്കറ്റ് നഷ്ടമായി. മധ്യനിരയിൽ അക്ഷയയുടെ ഒറ്റയാൾ പോരാട്ടമാണ് കേരളത്തെ വലിയ തോൽവിയിൽ നിന്ന് രക്ഷിച്ചത്. അക്ഷയ 69 പന്തിൽ 74 റൺസ് നേടി. വൈഷ്ണ 28ഉം സജന, അലീന, ദർശന എന്നിവർ 20 റൺസ് വീതവും നേടി. മുംബൈയ്ക്ക് വേണ്ടി സായാലി, ജാഗ്രവി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.