റഫറിയും ചതിച്ചു, തുടർച്ചയായ ഒമ്പതാം മത്സരത്തിലും ജയമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

ഒരു ജയം നേടാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് നീളുന്നു. തുടർച്ചയായ ഒമ്പതാം മത്സരത്തിലും വിജയമില്ലാതെ മടങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നിർഭാഗ്യവും റഫറിയുടെ തെറ്റായ തീരുമാനവുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം തടഞ്ഞത്. കളി 1-1 എന്ന നിലയിലാണ് അവസാനിച്ചത്. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഒരു ഫൗളിന് പെനാൾട്ടി വിധിച്ചതായിരുന്നു ആയിരുന്നു ഇന്ന് ജംഷദ്പൂരിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രകടനം കണ്ട ആദ്യ പകുതിയിൽ തന്നെ കേരളം മുന്നിൽ എത്തേണ്ടതായിരുന്നു. അത്രയ്ക്ക് സുവർണ്ണാവസരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ തന്നെ ലഭിച്ചത്. ആദ്യ പകുതിയിൽ ലെൻ ദുംഗലിന്റെ ഒരു ഷോട്ട് ഗോൾ ലൈനിൽ നിന്ന് ക്ലിയർ ചെയ്യപ്പെടുകയും ചെയ്തു.

രണ്ടാം പകുതിയിൽ 66ആം മിനുട്ടിലായിരുന്നു റഫറി ചതിയുമായി എത്തിയത്. ടിം കാഹിലിനെ ധീരജ് ഫൗൾ ചെയ്തതിനായിരുന്നു പെനാൾട്ടി വിധിച്ചത്. പക്ഷെ ആ ഫൗൾ പെനാൽറ്റി ബോക്സിന് പുറത്ത് നിന്നായിരുന്നു. പക്ഷെ റഫറി പെനാൾട്ടി ബോക്സിലേക്ക് തന്നെ വിരൽ ചൂണ്ടി. പെനാൾട്ടി ബോക്സിൽ നിന്ന് കാല്വോ ആണ് ജംഷദ്പൂരിനെ മുന്നിൽ എത്തിച്ചത്.

ആ ഗോളിന് ശേഷം ആക്രമണത്തിന് മൂർച്ച കൂട്ടിയ കേരളത്തിന്റെ മറ്റൊരു ഗോൾ ശ്രമം കൂടെ ഗോൾ ലൈനിൽ നിന്ന് ക്ലിയർ ചെയ്യപ്പെട്ടു. അപ്പോഴും ലെൻ ദുംഗലിന്റെ ശ്രമം ആയിരുന്നു ലൈനിൽ നിന്ന് ക്ലിയറ്റ് ചെയ്യപ്പെട്ടത്. പക്ഷെ അതിലും ലെൻ ദുംഗൽ തളർന്നില്ല. താരം തന്നെ 77ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് അർഹിച്ച സമനില നേടിക്കൊടുത്തു. ലെൻ ദുംഗലിന്റെ കേരള ബ്ലാസ്റ്റേഴ്സിനായുള്ള ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.

ഈ സമനില കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷ കൂടുതൽ പരുങ്ങലിലാക്കി. 10 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും ഒമ്പതു പോയന്റ് മാത്രമെ കേരളത്തിനുള്ളൂ.

Advertisement