സെവൻസ് ഫുട്ബോൾ ഐ എസ് എല്ലിന്റെ ഇടവേളയ്ക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു എന്ന് പറയാം. ഐ എസ് എല്ലിലെ മലയാളി സൂപ്പർ താരങ്ങളെ ഇന്ന് മുതൽ സെവൻസ് മൈതാനങ്ങളിൽ കാണാം. ഇന്ന് രണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് സെവൻസ് കളിക്കാൻ ഇറങ്ങുന്നത്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവു മികച്ച കളി കാഴ്ചവെച്ച സഹൽ അബ്ദുൽ സമദും, പിന്നെ കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർ എം പി സക്കീറും.
സഹൽ അബ്ദുൽ സമദ് ഹിറ്റാച്ചി തൃക്കരിപ്പൂരിനു വേണ്ടിയാണ് ഇന്ന് ബൂട്ടു കെട്ടുക. നീലേശ്വരം സെവൻസിൽ എ വൈ സി ഉച്ചാരക്കടവിന് എതിരെ ആണ് ഹിറ്റാച്ചി തൃക്കരിപ്പൂർ ഇന്ന് ഇറങ്ങുന്നത്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫിയുടെ ടീം കൂടിയാണ് ഹിറ്റാച്ചി തൃക്കരിപ്പൂർ. പക്ഷെ റാഫി ഇന്ന് കളിക്കില്ല.
ഇന്ന് മമ്പാട് ഗ്രൗണ്ടിൽ ആണ് സക്കീർ ഇറങ്ങുന്നത്. അൽ ശബാബിന്റെ ജേഴ്സിയിൽ ആകും സക്കീർ കളിക്കുക. കഴിഞ്ഞ സീസണുകളിലും സെവൻസ് മൈതാനങ്ങളിൽ സക്കീർ കളിച്ചിട്ടുണ്ട്. സക്കീർ കളിക്കുന്ന അൽ ശബാബിന്റെ എതിരാളികൾ ഉഷാ തൃശ്ശൂർ ആണ്. ഉഷാ ടീമിൽ മുൻ ഗോകുലം കേരള എഫ് സി താരം ആഷിഖ് ഉസ്മാനും ഉണ്ട്.
കഴിഞ്ഞ സീസണിൽ അനസ് എടത്തൊടിക, ആഷിക്ജ് കുരുണിയൻ, സക്കീർ എന്നിവർ സെവൻസ് കളിക്കാൻ ഇറങ്ങിയത് വലിയ വിവാദം ആയിരുന്നു. ഒരു പ്രൊഫഷണൽ കരാർ മറ്റൊരു ടീമുമായി ഉണ്ടായിരിക്കെ സെവൻസ് മൈതാനങ്ങളിൽ താരങ്ങൾ എത്തിയത് താരങ്ങൾക്ക് തന്നെ ഗുണം ചെയ്യില്ല എന്നായിരുന്നു ഫുട്ബോൾ നിരീക്ഷരുടെ അഭിപ്രായം. പരിക്ക് പോലുല്ല വലിയ ഭീഷണികളും താരങ്ങൾ സെവൻസ് മൈതാനങ്ങളിൽ നേരിടേണ്ടി വരും.