ഐഎസ്എൽ 2025-26 സീസണിന് മുന്നോടിയായി ജർമ്മൻ മുന്നേറ്റ താരം മർലോൺ റൂസ്-ട്രൂജിലോയെ (Marlon Roos-Trujillo) കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്വന്തമാക്കി. ജർമ്മൻ ക്ലബ്ബ് എഫ്എസ് വി മൈൻസ് 05-ന്റെ (FSV Mainz 05) അക്കാദമി ഉൽപ്പന്നമായ ഈ ഇരുപത്തിനാലുകാരൻ 2025-26 സീസൺ അവസാനം വരെയാണ് ബ്ലാസ്റ്റേഴ്സുമായി കരാറിലേർപ്പെട്ടിരിക്കുന്നത്.
ജർമ്മനിയുടെ അണ്ടർ-18 ദേശീയ ടീമിനായി കളിച്ചിട്ടുള്ള മർലോൺ, യൂറോപ്യൻ ഫുട്ബോളിലെ തന്റെ പരിചയസമ്പത്തും ശൈലിയും ബ്ലാസ്റ്റേഴ്സിന്റെ ആക്രമണ നിരയ്ക്ക് കരുത്തേകാനായി കൊണ്ടുവരുന്നു. വിങ്ങുകളിലും സ്ട്രൈക്കറായും ഒരുപോലെ തിളങ്ങാൻ കെൽപ്പുള്ള ഈ താരം, പരിശീലകൻ കറ്റാലയുടെ തന്ത്രങ്ങളിൽ നിർണ്ണായകമാകും.
ഫെബ്രുവരി 14-ന് ആരംഭിക്കുന്ന ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് മർലോണിന്റെ സാന്നിധ്യം വലിയ ഊർജ്ജം നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റു വിദേശ താരങ്ങൾ എല്ലാം ക്ലബ് വിട്ടിരുന്നു.









