മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം നാസോണ് വേണ്ടി ആരാധകർ ഒന്നിക്കുന്നു

Newsroom

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഡെക്കൻ നേസണ് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒന്നിക്കുകയാണ്. ഒരു സീസൺ മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് വിട്ട നേസൺ ഇപ്പോൾ മികച്ച ഫോമിലാണ്. ഇപ്പോൾ ബെൽജിയൻ ക്ലബായ സെന്റ് ട്രുയിഡനായി കളിക്കുന്ന നേസൺ കോൺകകാഫ് അവാർഡിനായി പരിഗണിക്കപ്പെട്ടിരിക്കുകയാണ്.

കോൺകകാഫിലെ ഈ വർഷത്തെ അവാർഡിൽ മികച്ച സ്ട്രൈക്കർക്കായുള്ള നോമിനേഷനിലാണ് നേസൺ ഉള്ളത്. ബെൽജിയത്തിൽ എത്തും മുമ്പ് ഇംഗ്ലണ്ടിൽ ഓൾഡ് ഹാം അത്ലറ്റിക്കിനു വേണ്ടിയും സ്വന്തം രാജ്യമായ ഹെയ്തിക്കു വേണ്ടിയും നേസൺ മികച്ച പ്രകടനം ഈ വർഷം കാഴ്ചവെച്ചിരുന്നു. 2016-17 സീസണിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനായി നേസൺ കളിച്ചത്.

10 താരങ്ങളെയാണ് മികച്ച ഫോർവേഡിനായി കോൺകകാഫ് നോമിനേറ്റ് ചെയ്തിട്ടുള്ളത്. അതിൽ മെക്സിക്കോയുടെ ലോകകപ്പ് ഹീറോ ലൊസാനോ, മെക്സിക്കൻ സീനിയർ താരം കാർലോസ് വെല, വോൾവ്സിന്റെ താരം ജിമിനെസ് തുടങ്ങിയവർ ഒക്കെ ഉണ്ട്. ആരാധകരുടേത് ഉൾപ്പെടെയുള്ള വോട്ടെടുപ്പിലൂടെ ആകും പുരസ്കാരം ആർക്കെന്ന് തീരുമാനിക്കുക. തനിക്കായി വോട്ട് ചെയ്യാൻ ഇന്ത്യൻ ആരാധകരോട് നാസോൺ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.