കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ആയ ജെസ്സലിന്റെ ദേഹത്ത് ഒഡീഷ താരം ക്രാസ്നിഖി തുപ്പിയ സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നൽകിയ പരാതി തള്ളി. കേരള ബ്ലാസ്റ്റേഴ്സിന് തെളിവ് സമർപ്പിക്കാൻ ആയില്ല എന്ന് പറഞ്ഞാണ് പരാതി തള്ളിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് നൽകിയ പരാതി തെളിയിക്കാനുള്ള വീഡിയോ ഫൂട്ടേജ് ഐ എസ് എൽ ക്യാമറകളിൽ ഉണ്ടായിരുന്നില്ല. ഇതാണ് കേരളത്തിന് തിരിച്ചടിയായത്. തെളിവ് സമർപ്പിക്കാൻ ആവാത്തത് കൊണ്ട് തന്നെ യാതൊരു നടപടിയും എടുക്കാതെയാണ് എ ഐ എഫ് എഫ് പരാതി അവസാനിപ്പിക്കുന്നത്.
ഒഡീഷയ്ക്ക് എതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ നേടിയ സമയത്തായിരുന്നു പരാതിക്ക് ഇടയായ സംഭവം. കേരള താരങ്ങൾ ഗോൾ അഹ്ലാദിക്കുന്നതിനിടയിലാണ് മാലേഷ്യൻ താരം ക്രാസ്നിഖി ജെസ്സലിന്റെ ദേഹത്ത് തുപ്പിയത്. റഫറിയുടെ പിറകിലായിരുന്നു ഈ സംഭവം എന്നതിനാൽ മാച്ച് റഫറിയുടെ ശ്രദ്ധയിൽ ഇത് പെട്ടിരുന്നില്ല.