ഹൈദരബാദിന്റെ ഗോളാഘോഷിച്ചതിന് നട്ടെല്ലു തല്ലിയൊടിച്ചു, ഒമ്പത് പേർ അറസ്റ്റിൽ

കേരള ബ്ലാസ്റ്റേഴ്സിനെ സ്നേഹിക്കുന്നവരോ ഫുട്ബോൾ ആരാധകരോ ഒട്ടും ആഗ്രഹിക്കാത്ത വാർത്ത ആയിരുന്നു പട്ടേപ്പാടത്ത് നിന്ന് വന്നത്. അവിടെ ഐഎസ്എല്‍ ഫൈനൽ മത്സരത്തിന്റെ പ്രദർശനത്തിന് ഇടയിൽ ഹൈദരബാദിനെ പിന്തുണച്ച ഒരു യുവാവിനെ തല്ലി നടുവൊടിച്ചിരുന്നു.

പട്ടേപ്പാടം സെൻ്ററിൽ താഷ്കെൻറ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വലിയ സ്ക്രീനിൽ ഫൈനൽ മൽസരം പ്രദർശനം നടക്കുന്നതിനിടയിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരായി ഹൈദരാബാദ് ടീം ഗോൾ നേടിയപ്പോൾ ഹൈദരാബാദിനെ പിന്തുണച്ച് ജയ് വിളിച്ചതാണ് അടിയിലേക്ക് കലാശിച്ചത്. പട്ടേപ്പാടത്ത് തന്നെയുള്ള 45 വയസ്സുള്ള സുധീഷിനാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ ആശുപത്രിയിലേയ്ക്കും മാറ്റി. അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായതായാണ് റിപ്പോർട്ടുകൾ.

പ്രസ്തുത സംഭവത്തിൽ ഒൻപത് പേർ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. രായം വീട്ടിൽ സാലിഹ്, മങ്കിടിയാൻ വീട്ടിൽ മിഥുൻ, വെള്ളാങ്ങല്ലൂർ വാഴക്കാമഠം സുൽഫിക്കർ ,തുണ്ടത്തിൽപ്പറമ്പിൽ മുഹമ്മദ് ഷഹ്നാദ്, പട്ടേപ്പാടം സ്വദേശികളായ പുളിപ്പറമ്പിൽ അൻസിൽ, കളത്തുപറമ്പിൽ ശ്രീനി, തെക്കുംകാട്ടിൽ പവൻ, പനങ്ങാട്ട് ആകർഷ്, കുരിയപ്പിള്ളി ഹുസൈൻ എന്നിവരെയാണ് ആളൂർ സി ഐ എം ബി സിബിൻ്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.