യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മികച്ച വിജയം. റെഡ് സ്റ്റാർ ബെൽഗ്രേഡിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഇത്തിഹാദിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ സിറ്റി ഒരു ഗോളിന് പിറകിൽ പോയിരുന്നു. രണ്ടാം പകുതിയിൽ ആയിരുന്നു സിറ്റി തിരിച്ചടിച്ചത്.
ആദ്യ പകുതിയിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ വന്നില്ല. കഴിഞ്ഞ മത്സരങ്ങളിൽ എന്ന പോലെ ഹാളണ്ടിനെ നിർഭാഗ്യം വേട്ടയാടുന്നത് ഈ മത്സരത്തിലും കണ്ടു. ഹാളണ്ടിന് നിരവധി അവസരങ്ങൾ കിട്ടിയിട്ടും അദ്ദേഹത്തിന്റെ ഒരു ഷോട്ടും വലയിൽ എത്തിയില്ല.
ആദ്യ പകുതിയുടെ അവസാനം ഒരു കൗണ്ടർ അറ്റാക്കിലൂടെ ബുകാരി ആണ് റെഡ് സ്റ്റാറിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ 47ആം മിനുട്ടിൽ ഹൂലിയൻ ആൽവാരസിലൂടെ സിറ്റി സമനില നേടി. ഹാളണ്ടിന്റെ പാസ് സ്വീകരിച്ചായിരുന്നു അർജന്റീനയൻ താരത്തിന്റെ ഗോൾ.
പിന്നീട് 60ആം മിനുട്ടിൽ ഒരു ഫ്രീകിക്കിലൂടെ ആൽവരസ് രണ്ടാം ഗോൾ നേടി. ഗോൾ കീപ്പറുടെ പിഴവും ഈ ഗോളിൽ വലിയ ഘടകമായി. 73ആം മിനുട്ടിൽ റോഡ്രിയും സിറ്റിക്ക് ആയി ഗോൾ നേടിയതോടെ അവരുടെ വിജയം പൂർത്തിയായി.