കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി 2022-23 സീസൺ വിജയത്തോടെയാണ് ആരംഭിച്ചത്. ഒക്ടോബർ എഴിന് കൊച്ചിയിലെ കലൂരിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് വരുന്ന ആരാധകർ അണി നിരന്ന മഞ്ഞകടലിനെ സാക്ഷി നിർത്തി ഈസ്റ്റ് ബംഗാൾ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊമ്പന്മാർ തകർത്തെറിഞ്ഞത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇവാൻ കലൂഷ്നി രണ്ട് ഗോളുകളും അഡ്രിയാൻ ലൂണ ഒരു ഗോളും നേടി. ഈസ്റ്റ് ബംഗാൾ നേടിയ ആശ്വാസ ഗോൾ അലക്സ് ലിമയിൽ നിന്നായിരുന്നു വന്നത്. മത്സരത്തിലെ നാല് ഗോളുകളും ഏറ്റവും മികച്ചത് തന്നെയായിരുന്നു.
ഇന്നലെത്തെ മത്സരത്തിലെ കൊമ്പന്മാരുടെ പ്രകടനം വിലയിരുത്തുകയാണ് ഈ എഴുത്തിൽ. ഒരു മത്സരം കൊണ്ട് മാത്രം ടീമിനെ വിലയിരുത്തുന്നതിൽ അർത്ഥമില്ല എന്ന് അറിയാതെയല്ല. എങ്കിലും നിലനിൽക്കുന്ന ഒരു സിസ്റ്റത്തിലേക്ക് പുതിയ താരങ്ങളുടെ വരവും കഴിഞ്ഞ സീസണിൽ നിന്ന് മെച്ചപ്പെട്ട സ്‌ക്വാഡ് ഡെപ്തും എന്നാൽ പോലും ചില പൊസിഷനുകൾ ദുർബലമായതും കണക്കിലെടുത്താണ് ആദ്യ മത്സരത്തിന് ശേഷം ഇങ്ങനെയൊരു സാഹസത്തിന് മുതിരുന്നത്. അഭിപ്രായങ്ങൾ വ്യക്തിപരം.
രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഹോം, എവേ മത്സരക്രമങ്ങളുമായി പൂർണ്ണമായ രീതിയിലാണ് ഈ സീസൺ നടത്തുന്നത് എന്ന് തന്നെയാണ് ഏറ്റവും വലിയ സവിശേഷത. അതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആവേശത്തിലായിരുന്നു. പ്രത്യേകിച്ചും കഴിഞ്ഞ വർഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ എത്തിയതും ടീമിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു പരിശീലകൻ തുടർച്ചയായി രണ്ടാമത്തെ വർഷവും ടീമിന്റെ സിസ്റ്റത്തിൽ തന്നെ നിലനിൽക്കുന്നതും അവരെ ഈ സീസൺ കൂടുതൽ പ്രതീക്ഷകളിലേക്ക് എത്തിക്കുന്നു. മൂന്നു തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കിരീടം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഉയർത്തുമെന്നാണ് ആരാധകരുടെ വിശ്വാസം.
മത്സരത്തെ പറ്റി
പുതിയ താരങ്ങളുടെ വരവും അവരെ ഇവാന്റെ സിസ്റ്റത്തിലേക്ക് എങ്ങനെ ഉൾകൊള്ളിക്കാൻ സാധിക്കും എന്ന ആശങ്കകളും ഈ സീസൺ തുടങ്ങുന്നതിന് മുൻപ് ഉണ്ടായിരുന്നു. ഈ റൂമറുകളെ കാറ്റിൽ പറത്തി കഴിഞ്ഞ വർഷം പരിശീലകൻ ഇവാൻ കേരള ബ്ലാസ്റ്റേഴ്സിൽ ഉപയോഗിച്ച അതേ സിസ്റ്റം നിലനിർത്തി തന്നെയാണ് ഇത്തവണയും ടീമിനെ കളിക്കളത്തിൽ ഇറക്കിയത്. 4-4-2 ഫോർമേഷനിൽ കഴിഞ്ഞ വർഷത്തെതിൽ നിന്നുണ്ടായ ഏക മാറ്റം ആൽവാരോ വാസ്കസിനും പെരേര ഡിയാസിനും പകരം മുന്നേറ്റ നിരയിൽ ഗ്രീക്ക് സ്‌ട്രൈക്കറായ ദിമിത്രി ദിയാമന്റക്കോസും ഗ്രീക്ക്/ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ അപോസ്തോലിസ് ജിയാനുവും എത്തി എന്നതാണ്.
ഈസ്റ്റ് ബംഗാൾ ആകട്ടെ ഇന്ത്യൻ ദേശീയ ടീമിന്റെ മുൻ പരിശീലകനായിരുന്ന സ്റ്റീഫൻ കോൺസ്റ്റന്റയിനിന്റെ കീഴിൽ കഴിഞ്ഞ വർഷത്തിൽ നിന്നും വ്യത്യസ്തമായി മെച്ചപ്പെട്ട ഒരു ടീമിനെയാണ് ഈ സീസൺ വേണ്ടി ഒരുക്കിയത്. ദേശീയ ഫുട്ബോൾ ടീമിൽ സ്റ്റീഫൻ ഉപയോഗിച്ചിരുന്ന ഡയറക്റ്റ് ഫുട്ബോൾ ആണ് കൊച്ചിയിലും പ്രതീക്ഷിച്ചിരുന്നതെങ്കിലും കുറച്ചുകൂടി പന്ത് കൈമാറ്റം ചെയ്തു കളിക്കുന്ന മിശ്രമായ രീതിയാണ് സ്റ്റീഫൻ ഉപയോഗിച്ചത്.
മത്സരത്തിന്റെ ആദ്യപകുതി വിരസമായിരുന്നു. ഐഎസ്എല്ലിൽ എക്സ്പീരിയൻസ് ഉള്ള ഇവാൻ ഗോൺസാലസും അലക്സ് ലിമയും ക്ലീറ്റൻ സിൽവയും അടങ്ങുന്ന വിദേശനിരയും കമൽജിത്ത് സിങ്ങും വിപി സുഹൈറും സൗബിക്ക് ചക്രവർത്തിയും അടങ്ങുന്ന ഇന്ത്യൻ നിരയും ബ്ലാസ്റ്റേഴ്സിനെ വെള്ളം കുടിപ്പിച്ചു. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിന് ഒരു ഉണർവ് ഉണ്ടാവുന്നത്. 71 മിനിറ്റിൽ അഡ്രിയാൻ ലൂണ നേടി ബ്ലാസ്റ്റേഴ്സിനെ മുന്നിൽ എത്തിച്ചു. പ്യുടിയക്ക് പകരം മധ്യനിരയിൽ ഇവാൻ കലൂഷ്നി എത്തിയതോടെ കളിയുടെ ചരട് ബ്ലാസ്റ്റേഴ്സിന്റെ കയ്യിലെത്തി. 81, 89 മിനുട്ടുകളിൽ ഇവാൻ ഗോളുകൾ നേടി. ഈസ്റ്റ് ബംഗാളിന് വേണ്ടി അലക്സ് ലിമയും ഗോൾ നേടി.
നിരീക്ഷങ്ങൾ
പോസിറ്റീവ്സ്
ഏറ്റവും പ്രധാനപ്പെട്ട കാര്യം ആദ്യമത്സരത്തിൽ തന്നെ ലഭിച്ച ആധികാരികമായ വിജയമാണ്. കറുത്ത കുതിരകൾ ആയി മാറാൻ ധാരാളം സാധ്യത കൽപ്പിക്കപ്പെടുന്ന ഈസ്റ്റ് ബംഗാളിനെതിരായ വിജയം ലീഗിൽ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഈ ജയത്തിന് സാധിക്കും. ഇവാൻ വുകുമാനോവിച്ച് തന്റെ സിസ്റ്റത്തിൽ മാറ്റം വരുത്തിയേക്കാം എന്ന ആശങ്ക തന്നെയാണ് പിന്നീട് ഇല്ലാതെയായത്. കാരണം, പുതിയൊരു സിസ്റ്റത്തിലേക്ക് ടീം മാറുമ്പോൾ ഉണ്ടാകുന്ന ട്രാൻസിഷൻ പിരീഡ് ഐഎസ്എൽ പോലെയുള്ള ചെറിയ ലീഗുകളിൽ വളരെയധികം നിർണായകമാണ്. എന്നാൽ കഴിഞ്ഞവർഷത്തെ സിസ്റ്റം മാറ്റാതെ കളിക്കാനാണ് ഇവൻ തീരുമാനിച്ചത്.
ഇവാൻ കലൂഷ്നി എന്ന വുകുമാനോവിച്ചിന്റെ ഉക്രൈൻ മിസൈൽ ആണ് മറ്റൊരു സവിശേഷത. രഹസ്യ ആയുധമായി രണ്ടാം പകുതിയിലേക്ക് ആയി കരുതിവച്ച താരം തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇൻസ്റ്റന്റ് ഇമ്പാക്റ്റ് ആണ് ഉണ്ടാക്കിയത്. ഒരു പക്ഷേ റഷ്യ-ഉക്രൈൻ യുദ്ധം കൊമ്പന്മാർക്ക് നൽകിയ ഒരു വജ്രായുധമാണ് ഇവാൻ. രണ്ടാം പകുതിയിൽ ഇവാന്റെയും ബിദ്യസാഗറിന്റെയും വരവ് മത്സരത്തിന്റെ വേഗത കൂട്ടി. അവിടെ തകർന്നടിഞ്ഞു ഈസ് ബംഗാൾ. ഇവാൻ രണ്ട് ഗോളുകൾ നേടിയപ്പോൾ ബിദ്യാസാഗർ ഒരെണ്ണത്തിന് അസ്സിസ്റ്റ് നൽകി. 80 ആം മിനുട്ടിൽ പകരക്കാരൻ ആയി ഇറങ്ങിയ താരം, രണ്ടുവർഷം മുമ്പ് ഇന്ത്യൻ ഫുട്ബോളിൽ തനിക്ക് ലഭിച്ച ഹൈപ്പിനു കാരണം എന്തായിരുന്നു എന്ന് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് കാണിച്ചു കൊടുക്കുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
ടീമിന്റെ ക്യാപ്റ്റൻ ജെസ്സൽ കാർനേരോ ലെഫ്റ്റ് വിങ്ങിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. ഓവർലാപ്പ് ചെയ്ത് മുന്നോട്ട് കയറി ക്രോസുകൾ നൽകിയും കട്ട് ചെയ്ത് ഉള്ളിലേക്ക് കയറി പാസുകൾ നൽകിയും കളിയെ മുന്നോട്ട് കൊണ്ട് പോയി. കൂടാതെ, ജീക്സൺ – പ്യുടിയ ദ്വയം നന്നായി തന്നെ പ്രവർത്തിക്കുന്നുണ്ട്. ജെസ്സൽ അറ്റാക്ക് ചെയ്യുമ്പോൾ ജീക്സൺ പ്രതിരോധത്തിലേക്ക് ഇറങ്ങി രൂപപ്പെടുത്തുന്ന ത്രീ മെൻ ഡിഫെൻസ് നല്ല രീതിയിൽ തന്നെ പ്രവർത്തിച്ചു. ഇവാൻ കലൂഷ്നിയെ പോലെ ഇമ്പാക്ട് ഉണ്ടാക്കുന്ന താരത്തെ ഈ സിസ്റ്റത്തിൽ ആദ്യപകുതിയിൽ കളിപ്പിക്കണമെങ്കിൽ മധ്യനിരയിൽ നിന്ന് ആരെ മാറ്റണം എന്ന കാര്യം വുകുമാനോവിച്ചിനെ കുഴപ്പത്തിലാക്കും എന്നത് തീർച്ച.
നെഗറ്റീവ്സ്
മധ്യനിരയും ആക്രമണനിരയും തമ്മിലുണ്ടായ വിടവാണ് ആദ്യത്തെ പോരായ്മയായി കാണുന്നത്. സഹലും ലൂണയും ഡിമിത്രിയും ജിയാനുവും തമ്മിലുള്ള ബന്ധം ശക്തിപ്പെടാത്ത പോലെ തോന്നിച്ചു. മധ്യനിരയിൽ നിന്ന് പന്ത് വരുമ്പോൾ അവർ ഓടിയെടുക്കാൻ ശ്രമിക്കുന്നില്ല. അവർ ഓടാൻ തുടങ്ങുന്ന സമയത്ത് പന്ത് ലഭിക്കുന്നുമില്ല.
കൂടാതെ, മുന്നേറ്റ നിരയിൽ ആക്രമണം നയിക്കേണ്ടവരിൽ നിന്ന് കാര്യമായ സംഭാവനൊന്നും ലഭിച്ചില്ല എന്നത് ഒരു പോരായ്മയായിരുന്നു. ദിമിത്രി മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചുവെങ്കിലും ജിയാനു പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല എന്നതാണ് സത്യം. താരം പല മേഖലകളിലും ഇനിയും തെളിയിക്കേണ്ടതായുണ്ട്. ബിദ്യസാഗർ പകരക്കാരനായി വന്നപ്പോഴാണ് ആ പൊസിഷനിൽ ഒരു ഊർജം വന്നത്.
സഹലിന്റെ പ്രകടനം ശരാശരി ആയിരുന്നു. ക്രോസുകളും ലോങ്ങ് ബോളുകളും ലക്ഷ്യത്തിലേക്ക് എത്തിയുയരുന്നില്ല. കൂടാതെ പലതവണ പന്ത് കയ്യിൽ നിന്ന് നഷ്ടപ്പെടുകയും ആകുകയും ചെയ്തു. എന്നാൽ, സഹൽ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ ഉണ്ടായ ഇഞ്ചുറി കഴിഞ്ഞ് ക്യാമ്പിലേക്ക് എത്തിയ താരം ആയിരുന്നു എന്നും പ്രകടനം പഴയതലത്തിൽ എത്തിക്കാൻ ആവശ്യമായ സമയം കൊടുക്കേണ്ടതാണെന്നും പരിശീലകൻ മത്സരശേഷം പത്രസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു.
പ്രതിരോധനിരയിൽ ഹോർമിപാം റുയിവയുടെ പാസ്സുകൾ ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു. ലെസ്‌കോവിച്ച് മെച്ചപ്പെട്ട രീതിയിൽ കളിച്ചു എങ്കിലും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. മത്സരത്തിൽ ഏരിയലുകളിൽ താരത്തിന്റെ പ്രകടനം ശരാശരിക്ക് താഴെ ആയിരുന്നു. ഈസ്റ്റ് ബംഗാളിന് വേണ്ടി അലക്സ് ലിമ നേടിയ ഗോൾ ഒഴിവാക്കാൻ സാധിക്കുന്നതായിരുന്നു.
മുകളിലെ നിരീക്ഷണങ്ങൾ പൂർണമായും വ്യക്തിപരമാണ്. ഒരുപക്ഷേ ഇതിലധികം ഘടകങ്ങൾ മത്സരത്തിൽ നിന്ന് പലർക്കും മനസ്സിലാക്കാൻ സാധിച്ചിരിക്കും. ഈ പോരായ്മകളെല്ലാം പരിഹരിച്ച് ഒക്ടോബർ 16 നു എടികെ മോഹൻബഗാനുമായുള്ള മത്സരത്തിൽ കൊമ്പന്മാർ കളിക്കളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷിക്കുന്നു.