കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടെ സ്വന്തം ഗ്രൗണ്ടിൽ പതറുകയാണ്. ഇന്ന് എഫ് സി ഗോവയ്ക്ക് എതിരെയുള്ള മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത രണ്ടു ഗോളിന് കേരളം പിറകിലാണ്. കളിയുടെ തുടക്കത്തിൽ 11ആം മിനുട്ടിൽ തന്നെ എഫ് സി ഗോവ ലീഡ് എടുത്തിരുന്നു. ഗോവയുടെ സൂപ്പർ താരം കോറോ തന്നെ ആയിരുന്നു ഗോളുമായി എത്തിയത്. അഹ്മദ് ജാഹോ കൊടുത്ത ക്രോസ് ഹെഡ് ചെയ്ത് കോറോ കേരളത്തിന്റെ വലയിൽ ഇടുകയായിരുന്നു.
ആദ്യ പകുതിയുടെ വിസിൽ വരുന്നതിന് തൊട്ടു മുമ്പായിരുന്നു കോറോ രണ്ടാമതും കേരള ബ്ലാസ്റ്റേഴ്സ് വല ചലിപ്പിച്ചത്. ബോക്സിന് പുറത്തു നിന്നുള്ള സ്ട്രൈക്കിലാണ് കോറോ നവീൺ കുമാറിനെ വീഴ്ത്തിയത്. ഇന്നത്തെ ഗോളുകളോടെ കോറോ ഐ എസ് എല്ലിൽ 26 ഗോളുകൾ എന്ന നേട്ടത്തിൽ എത്തി.
ഒരുപാട് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എത്തിയത് എങ്കിലും അതൊന്നും ഇതുവരെ ഗുണം ചെയ്തിട്ടില്ല. എഫ് സി ഗോവയുടെ അത്ര മികച്ചതല്ലാത്ത ഡിഫൻസിനെ കാര്യമായി പരീക്ഷിക്കാൻ വരെ കേരളത്തിന് ആദ്യ പകുതിൽ ആയില്ല. രണ്ടാം പകുതിയിൽ സഹലിനെ പോലുള്ള താരങ്ങളെ എത്തിച്ച് ജെയിംസ് കളി മാറ്റും എന്ന് പ്രതീക്ഷിക്കാം.